ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെകൂട്ടുന്നു. വൊഡാഫോൺ - ഐഡിയ, എയർടെൽ എന്നീ കമ്പനികളുടെ മൊബൈൽ കാളുകളുടെയും ഡാറ്റാസേവനത്തിന്റെയും നിരക്കുകൾ ആണ് കൂട്ടുന്നത്. വർദ്ധിച്ച നിരക്കുകൾ ഡിസംബർ മൂന്നുമുതൽ വപ്രാബല്യത്തിൽ വരും.
നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാൾ 42% വർദ്ധനയായിരിക്കും പുതിയ പ്ലാനുകൾ അവതരിപ്പിക്കുക. 2, 28,84,365 ദിവസങ്ങൾ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകൾ അവതരിപ്പിക്കുമെന്നും ഓപ്പറേറ്റർമാർ അറിയിച്ചു. മറ്റു സേവനദാതാക്കളും വരും ദിവസങ്ങളിലായി നിരക്ക് വർദ്ധിപ്പിച്ചേക്കും.
50,922 കോടിരൂപയുടെ പാദവാർഷിക നഷ്ടമായാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വൊഡാഫോൺ നേരിടുന്നത്. ഐഡിയ സെല്ലുലാറിനെ ഏറ്റെടുത്തതോടെ നഷ്ടം ഭീമമായി. ഇന്ത്യ വിട്ടുപോകാൻ ഉദ്ദേശിക്കുന്നതായിപോലും വൊഡാഫോൺ ആഗോള സി.ഇ.ഒ പരാമർശിച്ചിരുന്നു. ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചതിന് ശേഷമാണ് ടെലികോം നിരക്കുകൾ വർദ്ധിപ്പിക്കാൻ വൊഡാഫോൺ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |