ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവീധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചട്ടമ്പിനാട് എന്ന മെഗാഹിറ്റ് സിനിമ റീലീസായത് 2009 ഡിസംബർ 24 ന് ക്രിസ്തുമസിനോടനുബന്ധിച്ചാണ്. ചട്ടമ്പിനാട് പ്രേക്ഷകരിലെത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഈ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച 'ദശമൂലം ദാമു 'എന്ന കോമഡി കഥാപാത്രത്തെ നായകനാക്കിയുളള പുതിയ ചിത്രത്തെ കുറിച്ചുള്ള ആശയങ്ങൾ
സംവീധായകൻ ഷാഫി കേരള കൗമുദി ഓൺലൈനോട് വെളിപ്പെടുത്തി.
ദശമൂലം ദാമു എന്ന പുതിയ സിനിമ?
ചട്ടമ്പിനാട് എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥാപാത്രങ്ങളിൽ ഒന്നായ ദശമൂലം ദാമു എന്ന കോമഡി കഥാപാത്രത്തിലൂടെയാണ് പുതിയ സിനിമ എത്തുന്നത്. ചട്ടമ്പിനാട് എന്ന സിനിമയുടെ തുടർച്ചയല്ല ദശമൂലം ദാമു. ഇതിന്റെ ജോലികൾ നടന്ന് വരുകയാണ്. കഥാപാത്രങ്ങൾ ചെയ്യുന്നത് ആരൊക്കെയാണെന്നും ഷൂട്ടിംഗ് ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ചട്ടമ്പിനാട് ചെയ്യുന്ന ഒരു സമയത്ത് പോലും ദശമൂലം ദാമു എന്ന കഥാപാത്രം ഇത്രയധികം പോപ്പുലറാകുമെന്ന് ഞങ്ങൾ ആരും തന്നെ പ്രതീക്ഷിച്ചരുന്നില്ല. എല്ലാം ഒരു ഭാഗ്യമായിട്ടാണ് വിശ്വസിക്കുന്നത്. ഞങ്ങൾക്ക് നേരിട്ട് കണ്ട് പരിചയമുളള ഒരു കഥാപാത്രമല്ല ദശമൂലം ദാമു. നിരവധിയായ ചർച്ചയിലൂടെയും ഭാവനയിലൂടെയുമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകൻ ഷാഫി പറയുന്നു.
മമ്മൂട്ടിയാണ് ചട്ടമ്പിനാട് എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചത്.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തെ ഓവർടേക്ക് ചെയ്യുകയാണോ ?
അങ്ങിനെ ഒരിക്കലം ഇല്ല. മമ്മൂക്ക അവതരിപ്പിച്ച വീരേന്ദ്ര മല്ലയ്യ എന്ന വ്യക്തിയുടെ കഥയാണ് പൂർണ്ണമായും ചട്ടമ്പിനാട്.മാത്രമല്ല ദശമൂലം ദാമുവിന് ചട്ടമ്പിനാട് എന്ന സിനിമയിൽ വളരെകുറച്ച് സീനുകൾ മാത്രമാണുളളത്. അതിൽ വീരേന്ദ്ര മല്ലയ്യ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ദശമൂലം ദാമുവിന്റെ സഞ്ചാരവും. പക്ഷെ ആ കഥാപാത്രത്തിന് ആ സിനിമയിൽ നല്ല സ്‌കോപ്പുണ്ടായിരുന്നു. സുരാജ് പെർഫോമൻസിലൂടെ ആ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിച്ചു.
ദശമൂലം ദാമു എന്ന കഥാപാത്രം സുരാജിലേക്ക് എത്തപ്പെട്ടത് ?
തീർച്ചയായും സുരാജിനെ മനസിൽ കണ്ട് സൃഷ്ടിച്ച കഥാപാത്രമാണ് ദശമൂലം ദാമു.അന്ന് ഈ കഥാപാത്രം അവതരിപ്പിക്കാൻ സുരാജ് അല്ലാതെ മറ്റൊരു ചോയ്സ് ഞങ്ങൾക്ക് ഇല്ലായിരുന്നു. മാത്രമല്ല ഒരു ആർട്ടിസ്റ്റിനെ മനസ്സിൽ പ്ലാൻ ചെയ്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞാൽ ആ ആർട്ടിസ്റ്റിനെ കിട്ടാതിരിക്കൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളുമാണ്. ചട്ടമ്പിനാട് ഒരുക്കുന്ന സമത്ത് സിനിമയുടെ കഥ പൂർണ്ണമായും സുരാജിനോട് പറഞ്ഞിട്ടില്ലായിരുന്നു. സുരാജ് അവതരിപ്പിക്കുന്ന ദശമൂലം ദാമു എന്ന കഥാപാത്രം സംബന്ധിച്ച് മാത്രമേ പറഞ്ഞിരുന്നുള്ളു.
പത്ത് വർഷം മുൻപ് അവതരിപ്പിച്ച മെഗാ ഹിറ്റ് സിനിമയിലെ കേന്ദ്രകഥാപാത്രം അല്ലാതിരുന്ന മറ്റൊരു കഥാപാത്രത്തെ ഇപ്പോൾ നായകനാക്കുന്നത് ?
ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്തൂടെ എന്ന് ജനങ്ങൾ ഏറെ നാളായി ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ഞങ്ങൾ കുറേ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരം ആവശ്യവുമായി ജനം നിരന്തരം ഞങ്ങളെ ബന്ധപ്പെടുന്നത്. മാത്രമല്ല നവമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ദശമൂലം ദാമു ഈ ജനറേഷന്റെ ഒരു ട്രെന്റായി മാറിക്കഴിഞ്ഞു. നവമാധ്യമങ്ങളിൽ ഈ കഥാപാത്രം ഒരു ദിവസം പല പ്രാവിശ്യങ്ങളിലായി തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നാല് വർഷങ്ങളായിട്ട് ഈ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യണമെന്ന് ഞങ്ങൾ ആലോചിച്ച് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ ഒരു ത്രഡ്ഡും ഉണ്ടായിരുന്നു.അതൊന്ന് ഡവലപ്പായി വന്നു എന്ന് ഞങ്ങൾക്ക് തോന്നിയപ്പോഴാണ് ഇതുമായി മുന്നോട്ട് പോകാൻ ഒരു ധൈര്യം വന്നത്.
പുതിയ സിനിമ ഒരുക്കുമ്പോൾ എന്തെങ്കിലും ആശങ്ക?
മമ്മൂട്ടി എന്ന മഹാനടൻ കേന്ദ്ര കേന്ദ്ര കഥാപാത്രം ചെയ്ത ചട്ടമ്പിനാട് സിനിമയിലെ കോമഡി കഥാപാത്രത്തെ ലീഡ് റോളിലേക്ക് കൊണ്ടുവന്ന് സിനിമ ഒരുക്കാൻ തയ്യാറാകുമ്പോൾ ഒരു തരത്തിലുള്ള ആശങ്കയും ഞങ്ങൾക്ക് ഇല്ല. അത്തരത്തിൽ എന്തെങ്കിലും ഒരു കാര്യം ഞങ്ങടെ മനസിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടെങ്കിൽ ഈ സിനിമ ചെയ്യുന്ന കാര്യം ഞങ്ങൾ ചിന്തിക്കുക പോലും ഇല്ല. ഈ സിനിമ സംബന്ധിച്ച് നല്ല പ്രതീക്ഷയും കോൺഫിഡൻസും തോന്നിയത് കൊണ്ടാണ് ദശമൂലം ദാമുവുമായി ഇറങ്ങി തിരിച്ചതും, ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതും.
ദശമൂലം ദാമു സംഭവിക്കുമ്പോൾ സുരാജിന്റെ പ്രതികരണം എന്താണ് ?
ഒരു ടി വി ചാനലിന്റെ അവാർഡ് ദാന പ്രോഗ്രാമിൽ സുരാജിന് അവാർഡ് നൽകിയത് ഞാനാണ്. ഈ സമയം സ്റ്റേജിന്റെ മുന്നിലുള്ള ജനങ്ങളെ സാക്ഷി നിർത്തി മൈക്കിലൂടെ സുരാജ് എന്നോട് ചോദിച്ചു 'ദശമൂലം ദാമു സിനിമ സംഭവിക്കുമോ ' എന്ന് ? 'തീർച്ചയായും ദശമൂലം ദാമു സംഭവിക്കും ' എന്ന്, ആ സ്റ്റേജിൽ നിന്ന് ഞാൻ പറഞ്ഞു. ഇതെല്ലാം കണ്ട് സ്റ്റേജിന് മുന്നിൽ ഇരുന്ന ജനങ്ങൾ ഏറെ സന്തോഷത്തോടെ കയ്യടിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്യണം എന്ന് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വർഷങ്ങളായിട്ട് ഞങ്ങളോട് പറയുന്നുമുണ്ട്.ഇതെല്ലാം കാണുമ്പോൾ ദശമൂലംദാമുവിനെ വീണ്ടും അവതരിപ്പിക്കാൻ ഞങ്ങൾക്കും ഏറെ പ്രചോദനാമാവുകയായിരുന്നു. അങ്ങിനെയാണ് ഈ സിനിമ സംഭവിക്കാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |