കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ക്ളെയിം കമ്മിഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ളെയിം കമ്മിഷണറായി സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണോ റിട്ടയേർഡ് ജഡ്ജിയെ പരിഗണിക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകി.
നഷ്ടപരിഹാരം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ഇവരെ സഹായിക്കുന്നതിനുള്ള ജീവനക്കാരെ നിയോഗിക്കുന്നതിലും സർക്കാർ ഉൾപ്പെടെയുള്ള കക്ഷികളുടെ അഭിപ്രായവും ഹൈക്കോടതി ആരാഞ്ഞു. നഷ്ടങ്ങളുടെ കണക്ക് വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ്, മോട്ടോർവാഹന വകുപ്പ് തുടങ്ങിയവയുടെ സഹായം വേണ്ടിവരുമെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമലയിലെ യുവതീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയതിനെത്തുടർന്ന് ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. തുടർന്നാണ് സംഘപരിവാർ സംഘടനകൾ കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഇരകളായവർക്ക് ബി.ജെ.പി, ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനാ നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കി നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയിട്ടുള്ളത്.
ഹർത്താലിനെത്തുടർന്ന് 99 ബസുകൾ നശിപ്പിക്കപ്പെട്ടതിലൂടെ 3.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇൗ ബസുകളുടെ സർവീസ് നിലച്ചതോടെ നഷ്ടം വീണ്ടും ഉയർന്നെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നു. ഹർത്താലിനെത്തുടർന്ന് 990 കേസുകൾ രജിസ്റ്റർ ചെയ്തെന്നും ഇതിൽ 215 കേസുകൾ പൊതു - സ്വകാര്യ സ്വത്തു നശിപ്പിച്ചതിനെത്തുടർന്നുള്ളതാണെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |