ന്യൂഡൽഹി : അടുത്ത വർഷം നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ 'നീറ്റി'ന് ശിരോവസ്ത്രം ധരിക്കാൻകേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അനുമതി.
2020 മേയ് 3ന് നടക്കുന്ന പരീക്ഷ മുതൽ ഉത്തരവ് നിലവിൽ വരും. ബുർഖ, ഹിജാബ്, കാരാ, കൃപാൺ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്നും സർക്കുലറിൽ പറയുന്നു.
ഇവർ അനുവദിച്ച പരീക്ഷാ സെന്ററിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ റിപ്പോർട്ട് ചെയ്യണം. ഉച്ചയ്ക്ക് 1.30 നുശേഷം പരീക്ഷാ സെന്ററിൽ എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും സർക്കുലറിലുണ്ട്.
ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ അനുമതി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. അപേക്ഷിക്കാം 2020 മേയ് 3ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് nta.ac.in അല്ലെങ്കിൽ ntaneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. 2020 മാർച്ച് 27 മുതൽ വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2020 ലെ നീറ്റ് പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് .ജൂൺ നാലിന് പരീക്ഷാ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |