വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വൈറ്റ് ഹൗസിലെത്തി. റഷ്യയെ ചെറുക്കാൻ ദീർഘ ദൂര ടോമഹോക്ക് ക്രൂസ് മിസൈലുകൾ നൽകി സഹായിക്കണമെന്നാണ് സെലെൻസ്കിയുടെ ആവശ്യം. പകരം യുക്രെയിൻ നിർമ്മിത ഡ്രോണുകൾ നൽകാൻ അദ്ദേഹം തയ്യാറാണ്. വിഷയം ചർച്ച ചെയ്യാമെന്ന് ട്രംപ് അറിയിച്ചെങ്കിലും, ടോമഹോക്ക് നൽകുന്നത് സംഘർഷത്തിന് ആക്കം കൂട്ടുമെന്ന് ചൂണ്ടിക്കാട്ടി.
2,500 കിലോമീറ്ററാണ് ടോമഹോക്ക് മിസൈലിന്റെ പ്രഹര പരിധി. മോസ്കോ അടക്കം തന്ത്രപ്രധാന റഷ്യൻ നഗരങ്ങൾ ഈ പരിധിക്കുള്ളിൽ വരും. അതേ സമയം, യുക്രെയിന് ടോമഹോക്ക് നൽകുന്നത് സമാധാന ചർച്ചയേയും യു.എസുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ട്രംപിന് മുന്നറിയിപ്പ് നൽകി.
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചർച്ച രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നടത്താൻ ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിൽ പുട്ടിൻ ധാരണയിലെത്തിയിട്ടുണ്ട്. ആഗസ്‌റ്റിൽ അലാസ്‌കയിൽ വച്ച് ഇരുവരും നടത്തിയ ചർച്ച ധാരണയെത്താതെ പിരിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |