കൊച്ചി : ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വൈകിയാൽ കരാറുകാരിൽ നിന്ന് പിഴ ഇൗടാക്കുമെന്ന് ദേശീയ പാത അതോറിട്ടി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ദേശീയ പാതയുടെ അറ്റകുറ്രപ്പണി പൂർത്തിയാക്കാതെ പാലിയേക്കരയിൽ പുതുക്കിയ നിരക്കിൽ ടോൾ ഇൗടാക്കാൻ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ദേശീയപാത അതോറിട്ടി അനുമതി നൽകിയതിനെതിരെ തൃശൂർ സ്വദേശി ജോസഫ് ടാജറ്റ് നൽകിയ ഹർജിയിൽ ദേശീയ പാത അതോറിട്ടി പ്രോജക്ട് മാനേജരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രോജക്ട് മാനേജർ സ്റ്റേറ്റ്മെന്റ് നൽകിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും പ്രളയവും നിമിത്തം അറ്റകുറ്റപ്പണികൾ തടസപ്പെട്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. പാലിയേക്കരയിൽ ദേശീയപാതയുടെ ഒരുവശത്ത് 3.32 കിലോമീറ്ററും മറുവശത്ത് 4.83 മീറ്ററും അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബർ പത്തിന് വീണ്ടും പണി തുടങ്ങിയെങ്കിലും മഴ കാരണം നിറുത്തി വയ്ക്കേണ്ടി വന്നു. മഴ മാറിയാലുടൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. കരാറിലെ വ്യവസ്ഥകൾ പ്രകാരം ടോൾ പിരിക്കാൻ കരാറെടുത്ത കമ്പനിക്ക് സ്വന്തം നിലയ്ക്ക് നിരക്കു കൂട്ടാൻ കഴിയില്ല. മാത്രമല്ല, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വൈകിയാൽ കമ്പനിക്ക് പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |