മാദ്ധ്യമപ്രവർത്തകർ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉപയോഗിച്ച ഫോൺ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം ബഷീഷിന്റെ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ബഷീർ ഉൾപ്പെട്ടിരുന്ന മാദ്ധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ബഷീർ ‘ലെഫ്റ്റ്’ ആയതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ബലപ്പെട്ടത്. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് ബഷീർ മരണപ്പെടുന്നത്.
സംഭവത്തിന് ശേഷം ബഷീറിന്റെ ഫോൺ നഷ്ടപ്പെട്ടു. ബഷീർ വാട്സാപ്പ് ഉപയോഗിക്കുന്ന ഫോണാണ് നഷ്ടമായത്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൽ ക്രൈംബ്രാഞ്ച് ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകളിൽ നിന്ന് ബഷീർ ലഫ്റ്റ് ആകുന്നത്. ഇതു സംബന്ധിച്ച് സൈബർ വിദഗ്ധർ നൽകുന്ന വിശദീകരണം ഇങ്ങനെ: ബഷീറിൻറെ കാണാതായ ഫോണിലെ വാട്‌സാപ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിൻറെ വാട്‌സാപ് ലഭിക്കാൻ ഫോണിൽ ബഷീറിൻറെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും ഫോണിൽ വാട്‌സാപ് കിട്ടും.കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാദ്ധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |