തിരൂർ: ഡോ. കുട്ടീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ ജ്യേഷ്ഠനുമായ തിരൂർ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ് കുട്ടി (കുട്ടി ഡോക്ടർ- 71) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. തിരൂർ നടുവിലങ്ങാടി ടി.ടി.ആർ മുഹമ്മദ് ഹംസ റോഡിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒട്ടേറെ ജി.സി.സി അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങൾ ഡോ. കുഞ്ഞഹമ്മദ് കുട്ടിയുടേതായുണ്ട്. ആശുപത്രികളും ഡോ. കുട്ടീസ് ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരൂർ മൈ ഇന്റർനാഷണൽ സ്‌കൂൾ ചെയർമാനും പൊറൂർ എ.എം.എൽ.പി സ്‌കൂൾ മാനേജരുമാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഡി.കെ.എച്ച് കിയ മോട്ടോഴ്‌സ്, കോഴിക്കോട് മേട്രിയ ആശുപത്രി, എരഞ്ഞിപ്പാലത്തെ യുവർ സെന്റർ സ്‌കാനിംഗ് കേന്ദ്രം തുടങ്ങിയവയും ഡോക്ടറുടെ സ്ഥാപനങ്ങളാണ്. ഫോർസ റിയൽട്ടേഴ്സ് ഡയറക്ടർ, ഡി.കെ.എച്ച് ഡെവലപ്പേഴ്‌സ് ഡയറക്ടർ, ഫിദൂസ് റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് ഡയറക്ടർ, മേട്ര മെറ്റേർണിറ്റി കെയർ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. അലിഗഡ് യൂണിവേഴ്‌സിറ്റിയിലായിരുന്നു എം.ബി.ബി.എസ് പഠനം.
ഭാര്യ: ആത്തിക്കൽ ആയിഷ (എടവണ്ണ). മക്കൾ: ഡോ. മുഹമ്മദ് കാസിം, ഡോ. ഹബീബ് റഹ്മാൻ, ഡോ. സലീഖത്ത്. മരുമക്കൾ: ഡോ. അനീഷ് (വേങ്ങര), ഡോ. ഷാഹിന വടകര (തിരൂർ ജില്ലാ ആശുപത്രി), ഫാത്തിമ (കോഴിക്കോട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |