കട്ടപ്പന: ആത്മഹത്യ ചെയ്ത ഇടുക്കി വാഴവരയിലെ എസ്.ഐ സി.കെ അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സഹപ്രവർത്തകരുടെ മാനസിക പീഡനവും അമിത് ജോലിഭാരവും കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ് എസ്.ഐ തന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു എസ്.ഐ ജോലി നോക്കിയിരുന്നത്. ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലൂടെ അനിൽ കുമാർ വെളിപ്പെടുത്തുന്നു പൊലീസ് ക്യാന്റീനിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവും ആത്മഹത്യയ്ക്ക് കാരണമായെന്നും കുറിപ്പിലുണ്ട്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച എ.എസ്.ഐയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്നും അനിൽ കുമാർ ആത്മഹത്യാകുറിപ്പിൽ ആവശ്യപെടുന്നു.
സംഭവത്തിൽ ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂർ പൊലീസ് അക്കാദമിയിലെ ക്യാന്റീൻ ജോലികൾ വർഷങ്ങളായി അനിൽ കുമാറിന്റെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. തൃശൂരിൽ നിന്നും ചൊവാഴ്ച നാട്ടിലേക്ക് തിരിച്ചെത്തിയ അനിൽകുമാറിനെ കഴിഞ്ഞ ദിവസമാണ് കാണാതാകുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമലാ സിറ്റിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.ഐയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തതെന്നാണ് ആദ്യം കരുതിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |