'കല്യാണ സൗഗന്ധികം' എന്ന വിനയൻ ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി പുറത്തിറങ്ങിയ അനവധി ചിത്രങ്ങളിലൂടെ ഒരു നർത്തകി കൂടിയായ ദിവ്യ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. പിന്നീട് വിവാഹശേഷം അമേരിക്കയിൽ താമസമാക്കിയ ദിവ്യ ഉണ്ണി നീണ്ട കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും മാറി നിന്നുവെങ്കിലും 2008ൽ പുറത്തിറങ്ങിയ 'മാജിക് ലാംപ്' എന്ന ജയറാം ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവന്നു. മുൻഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്ത ദിവ്യ പിന്നീട് അഭിനയ, നൃത്ത രംഗങ്ങളിൽ സജീവമാകുകയായിരുന്നു.
ദിവ്യ ഉണ്ണി വീണ്ടും അമ്മയാകാനൊരുങ്ങുകയാണെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത് സംബന്ധിച്ച് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച തന്റെ "വളക്കാപ്പ്" ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മദർഹുഡ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ദിവ്യ തന്റെ അമ്മയ്ക്കും ഭർത്താവിനോടൊപ്പവുമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഡാർക്ക് സാൽമൺ നിറത്തിൽ സ്വർണകസവുള്ള സാരി ധരിച്ചാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം വലിയ വട്ടപ്പൊട്ടും കുപ്പിവളകളും ദിവ്യ അണിഞ്ഞിട്ടുണ്ട്. ഏതാനും നാളുകളായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |