കാഠ്മണ്ഡു : നേപ്പാളിൽ നടക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിലെ പുരുഷ ട്രിപ്പിൾജമ്പിൽ സ്വർണം നേടി മലയാളിതാരം കാർത്തിക് ഉണ്ണികൃഷ്ണൻ. ഗെയിംസ് റെക്കാഡോടെയാണ് കാർത്തിക് ഗെയിംസിലെ തന്റെ കന്നി പൊന്നണിഞ്ഞത്. ഇൗയിനത്തിലെ വെള്ളിയും ഇന്ത്യയ്ക്ക് തന്നെ. മുഹമ്മദ് സലാഹുദ്ദീനാണ് കാർത്തിക്കിന് പിന്നിൽ ചാടിയെത്തിയത്.
16.47 മീറ്റർ ചാടിയാണ് കാർത്തിക് ഗെയിംസ് റെക്കാഡ് കുറിച്ചത്. സലാഹുദ്ദീൻ ചാടിയത് 16.16 മീറ്റർ. 15.95 മീറ്റർ ചാടിയ ശ്രീലങ്കയുടെ സഫ്രീൻ അഹമ്മദിനാണ് വെങ്കലം.
2016 ൽ ഗോഹട്ടിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ രഞ്ജിത്ത് മഹേശ്വരി കുറിച്ചിരുന്ന 16.45 മീറ്ററിന്റെ റെക്കാഡാണ് കാർത്തിക് ഇന്നലെ തിരുത്തിയെഴുതിയത്.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ മലയാളിതാരം അപർണ റോയ് രണ്ടാമതെത്തി. 13.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രീലങ്കയുടെ ലക്ഷിക സ്വർണം നേടിയപ്പോൾ 14.13 സെക്കൻഡിൽ ഒാടിയെത്തിയാണ് അപർണ വെള്ളി നേടിയത്. കോഴിക്കോട് പുല്ലാരുംപാറക്കാരിയായ അപർണയുടെ ആദ്യ ദക്ഷിണേഷ്യൻ ഗെയിംസ് സ്വർണമണിഞ്ഞത്.
പുരുഷൻമാരുടെ 400 മീറ്ററിൽ മലയാളിതാരം കെ.എസ്. ജീവന് വെങ്കലം ലഭിച്ചു. വനിതകളുടെ 400 മീറ്ററിൽ പ്രിയയിലൂടെ ഇന്ത്യ വെള്ളി സ്വന്തമാക്കി. പുരുഷൻമാരുടെ 110 മകറ്റർ ഹർഡിൽസിൽ സുരേന്ദർ ഇന്ത്യയ്ക്ക് വെള്ളി നേടിത്തന്നു. പുരുഷ ഡിസ്‌കസ് ത്രോയിലെ സ്വർണവും വെള്ളിയും യഥാക്രമം ഇന്ത്യൻ താരങ്ങളായ ക്രിപാൽ സിംഗും ഗഗൻ ദീപ് സിംഗും സ്വന്തമാക്കി. പുരുഷ ലോംഗ് ജമ്പിൽ ലോകേഷിന് സ്വർണവും സ്വാമിനാഥന് വെള്ളിയും ലഭിച്ചു. വനിതകളുടെ ഡിസ്‌കസ്ത്രോയിൽ നവ്ജീത് കൗർ സ്വർണവും സുരവി വിശ്വാസ് വെള്ളിയും നേടി.
മെഡലിൽ മിന്നി ഇന്ത്യ
ഗെയിംസ് അഞ്ചുദിവസം പിന്നിട്ടപ്പോൾ 62 സ്വർണവും 41 വെള്ളിയും 21 വെങ്കലവുമടക്കം 124 മെഡലുമായി ഇന്ത്യ ഒന്നാംസ്ഥാനത്താണ്.
36 സ്വർണമടക്കം 101 മെഡലുള്ള നേപ്പാളാണ് രണ്ടാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |