ന്യൂഡൽഹി:ഹോസ്റ്റലിലെ മുറിയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകാലിൽ നിൽക്കുന്ന നിലയിലായിരുന്നുവെന്നും,കൊലപാതകസാദ്ധ്യതയും അന്വേഷിക്കണമെന്നും പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാനിൽ കയറോ ബെഡ്ഷീറ്റോ അടക്കം തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. വീട്ടിലായാലും ഹോസ്റ്റൽ മുറിയിലായാലും ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു.
പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മരണം നടന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. ആ ദിവസം ഹോസ്റ്റലിൽ പുലർച്ചെ വരെ നീണ്ട പിറന്നാൾ ആഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേ ദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. ഫാത്തിമയുടെ മരണ ശേഷം മുറിയിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും കാണാനില്ലായിരുന്നു. എല്ലാ ദിവസവും ആറ് മണിക്ക് ഉണരുന്ന ഫാത്തിമയെ രാവിലെ 11 വരെ ആരും നോക്കിയില്ല.
അദ്ധ്യാപകരിൽ നിന്നടക്കം കടുത്ത മാനസിക പീഡനങ്ങൾ നേരിട്ടു. ഫാത്തിമയുടെ പഠനമികവിൽ സഹപാഠികൾ അസ്വസ്ഥരായിരുന്നു. ഡിജിറ്റലായി ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന ഫാത്തിമ എല്ലാകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളികളടക്കമുള്ളവരുടെ പേരുകളുണ്ട്. ഫാത്തിമയുടെ മരണം അറിഞ്ഞെത്തിയ കൊല്ലം മേയറോടും കുടുംബാംഗങ്ങളോടും പൊലീസ് വളരെ മോശമായാണ് പെരുമാറിയത്. അന്വേഷണത്തിലും പൊലീസ് തുടക്കം മുതൽ അനാസ്ഥ കാട്ടി. മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല. പൊലീസിന്റെ നിരുത്തരവാദ സമീപനം തെളിവുകൾ നഷ്ടപ്പെടുത്തിയെന്നും ലത്തീഫ് പറഞ്ഞു.എ.എം ആരിഫ് എം.പി, കൊല്ലം മുൻ മേയർ വി.രാജേന്ദ്രബാബു, സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ ശ്രീമതി എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |