ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയിൽ സമ്മിശ്രമായ പ്രതികരണമാണ് ഉയരുന്നത്. വിചാരണ കൂടാതെ പ്രതികൾക്ക് ശിക്ഷ വിധിക്കുന്ന രീതി ശരിയല്ലെന്ന അഭിപ്രായം ഉയരുമ്പോൾ സാധാരണക്കാരടക്കമുള്ള വലിയൊരു ജനവിഭാഗം പൊലീസ് നടപടിയിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. സ്ത്രീയുടെ ജീവിതത്തിന് പുല്ലുവില കൽപ്പിക്കാത്ത നരാധമൻമാർക്ക് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് സോഷ്യൽമീഡിയയിലടക്കം ജനം പങ്കുവയ്ക്കുന്നു. യുവ ലേഡീഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ വെടിവച്ചു കൊന്ന പൊലീസിന് അഭിനന്ദനം അറിയിക്കുകയാണ് സിനിമ മേഖലയിലെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പി. പൊലീസ് മനപൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം ഉചിതമായി എന്നാണ് അദ്ദേഹം കുറിച്ചത്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹൈദരാബാദിൽ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |