കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ വരുന്ന കടത്തുകടവുകളിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് ആറ് മാസം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം ലഭിക്കാൻ താമസിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ രാവന്തിയോളം പണിയെടുക്കുന്ന കടത്തുകാരുടെ കുടുംബങ്ങൾ അന്നത്തിന് വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പുലർച്ചെ 6 മണിക്ക് തുടങ്ങുന്ന ജോലി വൈകിട്ട് 6നാണ് അവസാനിക്കുന്നത്. ഇതിനുശേഷം വെറുകൈയ്യോടെ മടങ്ങാനാണ് ഇവരുടെ വിധി.
ഇവരുടെ വീടുകളിൽ അടുപ്പ് പുകയണമെങ്കിൽ അയൽക്കാർ കനിയണം. ഓരോ ദിവസവും കടം വാങ്ങിയാണ് വീട്ടുചെലവുകൾ നടത്തുന്നത്. തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഒരു താൽക്കാലിക കടത്തുകാരന് കിട്ടുന്നത് 645 രൂപയാണ്. മറ്റൊരു ആനുകൂല്യവും സർക്കാരിൽ നിന്ന് ലഭിക്കാറില്ല. കഴിഞ്ഞ 6 മാസമായി കടത്തു വള്ളത്തിന്റെ വാടകയും ലഭിക്കുന്നില്ല. വള്ളത്തിന് മാസം തോറും 1500 രൂപായാണ് വാടകയായി നൽകേണ്ടത്. ഇതും കുടിശികയാണ്. പൊതു മരാമത്ത് വകുപ്പ് കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകേണ്ടത്. ഇതാണ് ആറ് മാസമായി സ്വപ്നം മാത്രമാണ്.
ജോലിസമയം: 12 മണിക്കൂർ
ആരംഭിക്കുന്നത്: രാവിലെ 6ന്
ദിവസ ശമ്പളം: 645 രൂപ
ഇത് ലഭിച്ചിട്ട്: 6 മാസം
വള്ളത്തിന്റെ മാസവാടക: 1500
.........................................
വളരെയധികം ബുദ്ധിമുട്ടിയാണ് ഞങ്ങളുടെ കുടുംബങ്ങൾ കഴിയുന്നത്.
വള്ളത്തിൽവച്ചാണ് കടത്തുകാരാൻ ഭക്ഷണം പോലും കഴിക്കുന്നത്. കടം വാങ്ങിയാണ് നിത്യച്ചെലവുകൾ നടത്തുന്നത്. വീടുകളിൽ അടുപ്പു പുകയണമെങ്കിൽ അയൽക്കാർ കനിയണം. എത്രനാൾ ഇങ്ങനെ പോകാനാകുമെന്നറിയില്ല. വെള്ളത്തോട് മല്ലടിച്ച് യാത്രക്കാരെ സുരക്ഷിതമായി കടവിൽ എത്തിക്കുന്ന ഞങ്ങൾക്ക് ജീവിക്കാനുള്ള വേതനം കൃത്യമായും നൽകാനുള്ള നടപടി സ്വീകരിക്കണം
കടത്തുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |