ന്യൂഡൽഹി: രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഉന്നാവോ ലൈംഗിക പീഡന കേസിലെ ഇരയായ പെൺകുട്ടി വിടവാങ്ങി. പീഡിപ്പിച്ചവരുൾപ്പെടുന്ന അക്രമിസംഘം കഴിഞ്ഞ ദിവസം തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 23കാരിയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന പെൺകുട്ടിക്ക് ഇന്നലെ രാത്രി 11.10ന്ഹൃദയാഘാതമുണ്ടായതായും 11.40ന് മരിച്ചതായും മെഡിക്കൽ ബോർഡ് തലവൻ ഡോ. ശലഭ്കുമാർ അറിയിച്ചു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചതായും ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ ഹെലികോപ്‌ടറിൽ ഡൽഹിയിൽ എത്തിച്ചത്. പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ ശിവം, ശുഭം ത്രിവേദി, ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ഉമേഷ് വാജ്‌പേയ് എന്നിവർ അറസ്‌റ്റിലായിട്ടുണ്ട്. ഇവരിൽ ശിവവും ശുഭം ത്രിവേദിയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ്. കഴിഞ്ഞ ജനുവരിയിലുണ്ടായ പീഡന കേസിൽ റായ്ബറേലിയിലെ കോടതിയിലേക്ക് പോകും വഴിയാണ് ഉന്നാവിനടുത്തുള്ള ഗ്രാമത്തിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. തീ കത്തിപ്പടർന്ന ശരീരവുമായി പെൺകുട്ടി ഓടുന്നത് കണ്ടവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആക്രമിച്ചവരുടെ പേരുകൾ പെൺകുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് പ്രത്യേക സുരക്ഷ നൽകാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |