തിരുവനന്തപുരം: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേർക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതിൽ 67 പേരെയും രക്ഷപ്പെടുത്താനായെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഹൃദയാഘാതം വന്നവരിൽ 20 വയസുമുതൽ 76 വയസുവരെയുള്ളവരുണ്ട്. 584 പേർക്കാണ് അപസ്മാരം വന്നത്. കാർഡിയോളജി സെന്ററുകളിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോടെ കാനന പാതയിൽ മൂന്ന് എമർജൻസി മെഡിക്കൽ കേന്ദ്രങ്ങൾ കൂടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. പമ്പ മുതൽ ശബരിമല വരെയുള്ള ദീർഘദൂര കയറ്റം ആരോഗ്യമുള്ളവരിൽപോലും വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടന പാതയിലെ എല്ലാ പ്രധാന സെന്ററുകളിലും കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. ഹൃദയാഘാതം ഉണ്ടായാൽ ഷോക്ക് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ളാഹ മുതൽ പമ്പ വരയും കണമല മുതൽ ഇലവുങ്കൽ വരെയും വാഹനാപകടങ്ങളിൽപ്പെടുന്ന അയ്യപ്പന്മാരുടെ സേവനത്തിനായി രണ്ട് സ്റ്റാഫ് നഴ്സ് ഉൾപ്പെട്ട ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |