പേരാവൂർ (കണ്ണൂർ): കോളയാട് ചെക്കേരി ആദിവാസി കോളനിയിൽ മാവോയിസ്റ്റുകളെത്തിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ യു.എ.പി.എ പ്രകാരം പേരാവൂർ പൊലീസ് കേസെടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർ എന്നിവർക്കെതിരെയാണ് കോളനി വാസിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും അഞ്ചംഗ മാവോയിസ്റ്റ് സംഘം കോളനിയിലെത്തിയെങ്കിലും മൂന്നു പേർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് വേഷത്തിലെത്തിയ ഇവരുടെ കൈകളിൽ തോക്കുകളുമുണ്ടായിരുന്നു. കോളനിയിലെത്തിയ ഇവർ പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടുകാരിൽനിന്ന് സംഘം മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിനെ തുടർന്ന് ആരെയും വിളിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
കോളനിയിലെ ഒരു വീട്ടിൽ കയറിയ സംഘം കന്നഡയിലാണ് സംസാരിച്ചത്. വീട്ടുകാരിലൊരാളോട് കന്നഡ ടി.വി ചാനൽ വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ കുറിച്ച് അറിയാമോ എന്നും ഇവർ കോളനിവാസികളോട് ചോദിച്ചു. മറ്റൊരു വീട്ടിൽ നിന്നു ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിച്ച ശേഷം അരിയും പച്ചക്കറിയുമായാണ് സ്ഥലം വിട്ടത്. മൂന്നു മണിക്കൂറോളം ഇവർ കോളനിയിൽ കഴിഞ്ഞുവെന്നാണ് വിവരം.
രണ്ടു തവണ ഇവർ സന്ദർശിച്ചുവെങ്കിലും പൊലീസിൽ പരാതിപ്പെടാൻ കോളനിവാസികൾക്ക് ഭയമായിരുന്നു. മൂന്നു വീടുകളിൽ മാവോയിസ്റ്റുകൾ കയറിയിട്ടും ഒരു വീട്ടുകാർ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്.
ഇരിട്ടി എ.എസ്.പി എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തണ്ടർബോൾട്ടുണ്ടായിട്ടും
മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെങ്കിലും കണ്ണവം വനത്തിലുൾപ്പെടെ തെരച്ചിൽ നടത്താൻ തണ്ടർബോൾട്ട് ഇതുവരെ എത്തിയില്ലെന്നു പരാതിയുണ്ട്. പേരാവൂരിനു സമീപം കേളകം സ്റ്റേഷൻ പരിധിയിൽ തണ്ടർബോൾട്ട് സേനയുണ്ടെങ്കിലും ചേക്കേരി കോളനിയോട് ചേർന്ന കണ്ണവം വനമേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും കാര്യക്ഷമമായ തെരച്ചിൽ നടത്തുന്നില്ല. തെരച്ചിലിനായി കൊണ്ടുവന്ന പോളാരിസ് വാഹനവും സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |