
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി. ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് കോടതി ചോദിച്ചത്. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് മാറ്റി. വെള്ളിയാഴ്ച പരിഗണിക്കണമെന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
ഹർജി പരിഗണിക്കവെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോടാണ് ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്. കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ പറഞ്ഞു. നേരത്തേയും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രൂക്ഷ പരാമർശങ്ങൾ സുപ്രീംകോടതി നടത്തിയിരുന്നു. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ ഹർജി പരിഗണിക്കെ നിങ്ങൾ ദൈവത്തെപ്പോലും വെറുതേ വിടില്ലേ എന്നാണ് കോടതി ചോദിച്ചത്.
പങ്കജ് ഭണ്ഡാരിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. സ്വർണം പൂശുക മാത്രമാണ് തന്റെ ജോലി. സ്വർണം മോഷ്ടിക്കേണ്ട സാഹചര്യം ഇല്ല. മംഗൾയാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശിനൽകിയിട്ടുണ്ട്. റെപ്യൂട്ടഡ് കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും പങ്കജ് ഭണ്ഡാരി കോടതിയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |