കൊച്ചി: പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മർദമാണ് തനിക്കു നൽകിവന്ന സായുധ സുരക്ഷ പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ബി.കെമാൽ പാഷ പറഞ്ഞു. എന്നാൽ, താൻ ആവശ്യപ്പെട്ടിട്ടല്ല സുരക്ഷ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തു ജഡ്ജിയായിരിക്കെ, അട്ടക്കുളങ്ങര ബോംബ് കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് ആദ്യം പൊലീസ് സുരക്ഷ നൽകിയത്. പിന്നീട് അതു തുടർന്നുവെന്നും കെമാൽ പാഷ പറഞ്ഞു. ശനിയാഴ്ചയാണ് കെമാൽ പാഷയുടെ സായുധ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചത്. സായുധ പൊലീസ് ക്യാമ്പിലെ നാല് പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്.
"എന്നെയിപ്പോൾ ആർക്കും എന്തും ചെയ്യാം. പക്ഷേ, ഇതുകൊണ്ടൊന്നും ഞാൻ നിർത്തില്ല. പറയാനുള്ളത് ഇനിയും പറയും. പൊതുജനത്തിന്റെ പിന്തുണ എനിക്കുണ്ട്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ തരാമെന്നു പോലും പലരും വിളിച്ചു പറഞ്ഞു. അതൊന്നും എനിക്കു വേണ്ട. ഇനി ദൂരയാത്രകൾ ഒഴിവാക്കേണ്ടി വരും. മറ്റു മാർഗമില്ല. പക്ഷേ, അതിന്റെ പേരിൽ പ്രതികരിക്കരുതെന്നു പറഞ്ഞാൽ നടക്കില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്"- അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മര്‍ദമാണ് തന്റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണു മനസ്സിലാക്കുന്നത്. പൊലീസ് നല്ലതു ചെയ്താല്‍ അതു ഞാന്‍ പറയും. ഇല്ലെങ്കില്‍ അതും പറയും. കൂടത്തായി കൊലക്കേസ് നല്ല രീതിയിലാണു പൊലീസ് അന്വേഷിച്ചത്. പക്ഷേ, വാളയാര്‍ കേസു പോലെ മോശം അന്വേഷണം കണ്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായ രീതിയിലാണ് കേസിനെക്കുറിച്ചു പറഞ്ഞത്. അയാള്‍ വിവരമില്ലാത്തവനാണെന്നും അയാളെ സര്‍വീസില്‍ വച്ചുപുലര്‍ത്തരുതെന്നും ഞാന്‍ പറഞ്ഞു. അതില്‍ ഉറച്ചു നില്‍ക്കുന്നു. മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയതിനെയും വിമര്‍ശിച്ചു. അവരെ വെടിവച്ചു കൊല്ലാന്‍ നിയമത്തില്‍ പറയുന്നില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |