ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആവേശജയത്തിൽ കോൺഗ്രസ്- ജെ.ഡി.എസ് കോട്ടകൾ നിലംപൊത്തി. തിരഞ്ഞെടുപ്പു നടന്ന 15 സീറ്റുകളിൽ പന്ത്രണ്ടും കൈയടക്കി സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ താമരക്കൊയ്ത്തിൽ കോൺഗ്രസിന് 11 സിറ്റിംഗ് സീറ്റുകളിൽ പത്തും നഷ്ടമായപ്പോൾ ഏറ്റവും ശക്തമായ തിരിച്ചടി കിട്ടിയത് ജെ.ഡി.എസിന്. സീറ്റുകൾ പൂജ്യം!
കോൺഗ്രസിനേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി നേതാവ് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനവും, ദിനേഷ് ഗുണ്ടുറാവു പി.സി.സി അദ്ധ്യക്ഷ സ്ഥാനവും രാജിവച്ചു. ഇരുവരുടെയും രാജി ഹൈക്കമാൻഡ് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ തവണ ജയിച്ചതിൽ 10 സീറ്റ് നഷ്ടമായ കോൺഗ്രസിന് മേൽവിലാസമെങ്കിലും കാക്കാനായത് ശിവാജി നഗർ, ഹുൻസൂർ സീറ്റുകളിൽ മാത്രം. ശിവാജി നഗർ സിറ്റിംഗ് സീറ്റ് നിലനിറുത്തിയ കോൺഗ്രസ് ജെ.ഡി.എസ് സ്വാധീനം മറികടന്നാണ് ഹുൻസൂറിൽ ഒറ്റയ്ക്കു ജയിച്ചത്.
വിജയം കണ്ട സ്വതന്ത്രൻ ബി.ജെ.പി വിമത സ്ഥാനാർത്ഥിയായി ഹോസ്കോട്ട് സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ ജനവിധി തേടിയ ശരത് ബച്ചെ ഗൗഡയാണ്. ബി.ജെ.പി എം.പി ബി.എൻ. ബച്ചെ ഗൗഡയുടെ മകനായ ശരത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.
കർണാടകയിലേത് സുസ്ഥിര സർക്കാരാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. വിമതർക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി കൈയടക്കിയ മണ്ഡലങ്ങൾ അത്താണി, കഗ്‌വാഡ്, ഗോഖക്, യെല്ലാപുര, ഹിരെക്കേരൂർ, റാണിബെന്നൂർ, വിജയനഗർ, ചിക്കബെല്ലാപുര, കെ.ആർ പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, കൃഷ്ണരാജപേട്ട് എന്നിവയാണ്.
225 അംഗ സഭയിൽ 113 ആണ് കേവല ഭൂരിപക്ഷ സംഖ്യ. 105 എം.എൽ.എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ടായിരുന്ന ബി.ജെ.പിക്ക് സർക്കാർ നിലനിറുത്താൻ വേണ്ടിയിരുന്നത് ആറു സീറ്റാണ്. കിട്ടിയത് അതിലും ആറ് സീറ്റ് അധികം.
കോൺഗ്രസ്- ദൾ സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിക്ക് അധികാരത്തിലേക്കു വഴിയൊരുക്കാൻ കൂറുമാറിയ 17 കോൺഗ്രസ്, ദൾ, കെ.പി.ജെ.പി എം.എൽ.എമാരിൽ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ആകെ സീറ്റ് :225
കേവല ഭൂരിപക്ഷം: 113
പുതിയ കക്ഷിനില
ബി.ജെ.പി: 117 + ഒരു സ്വതന്ത്രൻ
കോൺഗ്രസ്: 68
ജെ.ഡി.എസ്: 34
ബി.എസ്.പി: 1
മറ്റുള്ളവർ: 2
ഒഴിഞ്ഞുകിടക്കുന്നത്: 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |