അഞ്ചാലുംമൂട് (കൊല്ലം): രഹസ്യമായി പകർത്തിയ കുളിമുറി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, പതിനേഴുകാരിയെ പലർക്കായി കാഴ്ചവച്ച സംഭവത്തിൽ ഉന്നതർക്കും പങ്കെന്ന് സൂചന. പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ മൂന്നുപേർ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
കൊട്ടിയം പുല്ലിച്ചിറയിൽ സ്വകാര്യ ഹോം സ്റ്റേ നടത്തുന്ന കരിക്കോട് കിണറുവിള കിഴക്കതിൽ ഷിജു (35), പള്ളിക്കൽ പാറയിൽ പടിഞ്ഞാറേപ്പറയിൽ മിനി (33), പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സബിയത്ത് (34) എന്നിവരെയാണ് കഴിഞ്ഞദിവസം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുണ്ടറയിൽ വാടക വീടെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മിനി മുമ്പും പിടിയിലായിട്ടുണ്ട്. ഷിജു കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസ് പ്രതിയാണ്. ഷിജുവും മിനിയും ദമ്പതികളെന്ന വ്യാജേനയാണ് ഹോം സ്റ്റേ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും പെൺകുട്ടിയുടെ മറ്റൊരു ബന്ധുസ്ത്രീയും നേരത്തെ അറസ്റ്റിലായിരുന്നു.
കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്‌ജിലും പെൺകുട്ടിയെ എത്തിച്ച് പലർക്കായി കാഴ്ചവച്ചതായും ഇടപാടുകാരുടെ വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കൂടാതെ പല സ്ത്രീകളെയും ഇത്തരത്തിൽ ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |