തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മൂന്നുമാസം മുൻപ് കാണാതായ ചേർത്തല സ്വദേശി വിദ്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും അറസ്റ്റിലായത്. സ്‌കൂൾ റീയൂണിയൻ പരിപാടിക്കിടെ കണ്ടുമുട്ടിയ മുൻകാമുകിയായ സുനിതയെ സ്വന്തമാക്കാൻ വേണ്ടിയായിരുന്ന കൊലപാതകം നടത്തിയത്.
പ്രതികളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ സെപ്‌തംബർ 20 ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കഴുത്തിലെ വേദനയ്‌ക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര.
തിരുവനന്തപുരം പേയാട് ഗ്രാന്റ് ടെക് വില്ലയിൽ വച്ച് അന്ന് രാത്രി പ്രേംകുമാർ സ്നേഹം നടിച്ച് വിദ്യയ്ക്ക് മദ്യം ഒഴിച്ചു നൽകി. സംശയമില്ലാതെ വിദ്യ അത് കുടിക്കുകയും ചെയ്തു. ശേഷം മദ്യ ലഹരിയിലായ യുവതിയെ പ്രംകുമാർ കഴുത്തിൽ കയർ ചുറ്റി കൊലപ്പെടുത്തുകയായിരുന്നു.ശേഷം മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന കാമുകി സുനിതയെ മരണം ഉറപ്പാക്കാൻ താഴേക്ക് കൂട്ടിക്കൊണ്ടുവന്നു. നഴ്സിംഗ് സൂപ്രണ്ടായ സുനിത ഹൃദയമിടിപ്പ് നോക്കി മരണം സ്ഥിരീകരിച്ചു. കൊലപാതകം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സുനിത പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നിലെ സീറ്റിൽ ഉറങ്ങുന്ന നിലയിൽ വിദ്യയെ ഇരുത്താൻ സുനിതയും സഹായിച്ചു. ആളൊഴിഞ്ഞ വില്ലയായതിനാൽ ഇതൊന്നും ആരുടെയും കണ്ണിൽപ്പെട്ടില്ല. സംശയം തോന്നാതിരിക്കാൻ സുനിത തോളിൽ കൈയിട്ടിരുന്നു. അവളും ഉറക്കം നടിച്ചു. തിരുനെൽവേലിയിലേക്ക് കാറോടിച്ചത് പ്രേംകുമാറാണ്. അവിടെ മൃതദേഹം ഉപേക്ഷിക്കാൻ ഉപദേശിച്ചത് സ്‌കൂൾ ഒത്തുചേരലിൽ പങ്കെടുത്ത ഒരാളാണെന്ന് പ്രേംകുമാർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം,സുനിതയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നതോടെ അവളെയും വകവരുത്താൻ പ്രേംകുമാർ ശ്രമിച്ചു. പ്രേംകുമാർ ഉപദ്രവിക്കുന്നെന്നും കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും അടുത്തിടെ സുനിത വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെടാൻ ചില ബന്ധുക്കൾ പറഞ്ഞിട്ടും സുനിത കേട്ടില്ല. പ്രേംകുമാറുമായി തെറ്റിയെന്ന് പറഞ്ഞ്, ബന്ധുവിന്റെ ആട്ടോറിക്ഷയിൽ തന്റെ വസ്ത്രങ്ങളും സാധനങ്ങളും സുനിത വീട്ടിലെത്തിച്ചു. പ്രേംകുമാറിന്റെ ഭാര്യ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സാധനങ്ങളുമായി പൊയ്ക്കൊള്ളാൻ പ്രേംകുമാർ പറഞ്ഞെന്നുമായിരുന്നു സുനിത വീട്ടുകാരെ അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |