തിരുവനന്തപുരം: കുറ്റം ചെയ്യുന്നവർക്ക് ശിക്ഷ വേഗം ഉറപ്പക്കാനും നീതി നടപ്പാക്കുന്നത് അനന്തമായി നീളുന്നത് ഒഴിവാക്കാനുമായി ജുഡിഷ്യറിയും പൊലീസും ജയിലും ഫോറൻസിക് വിഭാഗവും ഡിജിറ്റൽ ശൃംഖലയിൽ കെെകോർക്കും. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം കൈമാറാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഡിജിറ്റൽ സംവിധാനം സഹായിക്കും. ഇതിനുള്ള ഐ.സി.ജെ.എസ് (ഇന്റർ ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ്) ഡിജിറ്റൽ പ്ലാറ്റ്ഫോം സംസ്ഥാനത്ത് അടുത്തമാസം സജ്ജമാവും. ഇതോടെ ക്രിമിനൽ കേസുകളുടെ അന്വേഷണം കൂടുതൽ ശാസ്ത്രീയമാക്കാനും വിചാരണയും ശിക്ഷയും വേഗത്തിലാക്കാനും കഴിയും. നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് (എൻ.ഐ.സി) ഡിജിറ്റൽ സംവിധാനമൊരുക്കുന്നത്.
പൊലീസിന്റെ അന്വേഷണവിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കോടതിക്ക് സ്വീകരിക്കാം. ഉത്തരവുകളും സമൻസുകളും വാറണ്ടുകളുമെല്ലാം ഇതിലൂടെ പുറപ്പെടുവിക്കുകയും ചെയ്യാം. തടവുകാരുടെ വിവരങ്ങൾ കോടതിക്കും പൊലീസിനും ലഭിക്കും. ഫോറൻസിക് ലബോറട്ടറികൾക്ക് റിപ്പോർട്ടുകൾ കാലതാമസം കൂടാതെ കോടതിക്ക് കൈമാറാനാവും. ഉത്തരവുകളും വാറണ്ടുകളും നടപ്പാക്കാത്തത് കോടതികൾക്ക് നേരിട്ട് പരിശോധിക്കാനാവും. നാല് വിഭാഗങ്ങൾക്കും കൃത്യസമയം വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഡി.ഐ.ജിമാരായ പി. പ്രകാശ് (പൊലീസ്), എസ്. സന്തോഷ് (ജയിൽ), ഹൈക്കോടതി രജിസ്ട്രാർ പ്രദീപ്കുമാർ എന്നിവരാണ് നോഡൽ ഓഫീസർമാർ.
കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന വിരലടയാളങ്ങളും മറ്റും ഈ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യാം. ദേശീയതലത്തിലുള്ള പൊലീസിന്റെ ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ഡാറ്റാബേസിലേക്ക് ഇതിനെ ബന്ധിപ്പിക്കുന്നതിനാൽ രാജ്യമാകെയുള്ള കുറ്റവാളികളുടെ വിവരങ്ങളുമായി ഒത്തുനോക്കി മിനിറ്റുകൾക്കുള്ളിൽ ഫലം അറിയാനാവും.
ഡിജിറ്റൽ സംവിധാനം ഇങ്ങനെ
എല്ലാ എഫ്.ഐ.ആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങൾ കോടതിക്ക് ഓൺലൈനായി തത്സമയം ലഭിക്കും
പ്രതികളുടെ റിമാന്റ്, ജാമ്യ ഉത്തരവുകൾ എന്നിവ പൊലീസിന് കൈമാറാം
കേസുകളുടെ വിവരങ്ങളും കോടതികളുടെ ഉത്തരവുകളും പൊലീസിന് അപ്പപ്പോൾ ലഭിക്കും
എല്ലാ ഘട്ടത്തിലും കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നതിനാൽ അന്വേഷണം കാര്യക്ഷമമാവും
''വിവരങ്ങൾ വേഗത്തിലും കൃത്യതയോടെയും കൈമാറാനുള്ള ഈ സംവിധാനം അന്വേഷണവും നീതിനടപ്പാക്കലും വേഗത്തിലാക്കും.''
എസ്. സന്തോഷ്
ഡി.ഐ.ജി, ജയിൽ ആസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |