ന്യൂഡൽഹി: നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 'ആക്രമണ(അസോൾട്ട്)' റൈഫിളുകൾ നേടിയെടുത്ത് ഇന്ത്യൻ സൈനികർ. പാകിസ്ഥാൻ, ചൈന അതിർത്തികളിലുള്ള സൈനികർക്കാണ് പതിനഞ്ച് വർഷത്തിന് ശേഷം ഉഗ്രശേഷിയുള്ള പടക്കോപ്പുകൾ ലഭിച്ചിരിക്കുന്നത്. അമേരിക്കൻ നിർമിതമായ ഈ റൈഫിളുകൾ മുൻനിരയിലുള്ള സൈനികർക്കാണ് ലഭിക്കുക. 72,400 സിഗ് - 716 റൈഫിളുകളാണ് അമേരിക്കയുടെ കൈയിൽ നിന്നും വാങ്ങാനായി ഇന്ത്യ കരാറുണ്ടാക്കിയത്. അമേരിക്കൻ ആയുധ നിർമാതാക്കളാണ് സിഗ് സോയർ. ഇതിന്റെ ആദ്യ ഘട്ടമായf 10,000 റൈഫിളുകൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
638 കോടി രൂപയാണ് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് ചിലവായിരിക്കുന്നത്. 2020ഓടെ മുഴുവൻ തോക്കുകളും അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. ഇക്കൂട്ടത്തിൽ 4000 ഗണ്ണുകൾ ഇന്ത്യൻ വ്യോമസേനയ്ക്കും 2000 ഗണ്ണുകൾ നാവികസേനയ്ക്കുമുള്ളതാണ്. കൈയിലൊതുങ്ങുന്ന തരത്തിലുള്ള ഈ തോക്കുകളുടെ റേഞ്ച് 500 മീറ്ററാണ്. ഇതുകൂടാതെ റഷ്യൻ നിർമിതമായ കലഷ്‌നിക്കോവ് റൈഫിളുളുകളും സൈനികർക്ക് ലഭിക്കും. 13 ലക്ഷം സൈനികർക്കാണ് അടുത്ത ഘട്ടത്തിൽ ഈ തോക്കുകൾ ലഭിക്കുക. ഈ തോക്കുകൾ ഉത്തർ പ്രദേശിലെ ആയുധ നിർമാണ ഫാക്ടറിയായ കോർവ ഓർഡിനൻസിലാണ് നിർമ്മിക്കുക.
പേരുകേട്ട എ.കെ 47 തോക്കുകളുടെ മറ്റൊരു പതിപ്പായ എ.കെ 203യുടെ 7,45,000തോക്കുകൾ സൈന്യത്തിനായി നിർമിച്ചുനൽകാനാണ് പദ്ധതി. റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി നിർമിക്കുക ഈ തോക്കുകൾക്ക് 12, 000 കോടി രൂപയാണ് ചിലവാകുക. ഇതുകൂടാതെ 210 ഇസ്രായേലി സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 12 ലോഞ്ചറുകളും, മറ്റ് പടക്കോപ്പുകളും വാങ്ങാനും ഇന്ത്യൻ സൈന്യത്തിന് പദ്ധതിയുണ്ട്. 2005 മുതൽ പുതിയ തോക്കുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സൈന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |