ന്യൂഡൽഹി: പുതിയ പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയെ സർവകലാശാല സമരം ചെയ്ത വിദ്യാർത്ഥികളെ കാമ്പസിനകത്ത് കയറി ആക്രമിച്ച സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, എസ്.പി നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രപതിയെ കാണും. പൊലീസ് ബി.ജെ.പിയുടെ ഉത്തരവാണ് നടപ്പാക്കുന്നത്.
ഉന്നതതല അന്വേഷണം വേണം - വൈസ് ചാൻസലർ
ജാമിയമിലിയ സർവകലാശാല ക്യാമ്പസിൽ കയറി വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഉന്നതല അന്വേഷണം വേണമെന്ന് വൈസ് ചാൻസലർ നജ്മ അക്തർ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസിൽ കയറിയത്. ലൈബ്രററിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെവരെ ആക്രമിച്ചു. ഇത് അംഗീകരിക്കാനാവില്ല. പൊലീസിനെതിരെ കേസുകൊടുക്കും. 200 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
വെടിവച്ചിട്ടില്ല- പൊലീസ്
പൊലീസ് വെടിവച്ചിട്ടില്ലെന്നും അഭ്യൂഹങ്ങളാണ് പരക്കുന്നതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. പ്രതിഷേധക്കാരാണ് ബസ് കത്തിച്ചത്. 30 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നിയമലംഘനം നടത്തിയ റൗഡികളെ പിടിക്കാനാണ് കുറച്ചു പൊലീസുകാർ കാമ്പസിൽ കടന്നത്. ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വർഗീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സി.പി.എം സുപ്രീംകോടതിയെ സമീപിക്കും
- സീതാറാം യെച്ചൂരി, സി.പി.എം ജനറൽ സെക്രട്ടറി
ഡൽഹിയിലെ ഗുരുതരസ്ഥിതി ബോദ്ധ്യപ്പെടുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. സമാധാനം ഉടൻ പുനഃസ്ഥാപിക്കണം.
-ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
വിദ്യാർത്ഥി പ്രതിഷേധം ജിഹാദികളും മാവോയിസ്റ്റുകളും വിഘടനവാദികളും ഹൈജാക്ക് ചെയ്യാതിരിക്കാൻ ജാഗ്രത വേണം
- കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |