തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റിലായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വകുപ്പുതല അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സജ്ഞയ് ഗാർഗ് അദ്ധ്യക്ഷനും ഊർജ സെക്രട്ടറി ബി.അശോക് അംഗവുമായുള്ള വകുപ്പ്തല സമതി സാക്ഷികളിൽ നിന്ന് തെളിവു ശേഖരിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണം ശ്രീറാം നിഷേധിച്ചു.
സിറാജ് പത്രത്തിന്റെ ഡയറക്ടർ സൈഫുദ്ദീൻ ഹാജി, അപകടം നടക്കുമ്പോൾ മ്യൂസിയം എസ്.ഐ ആയിരുന്ന ജയപ്രകാശ് എന്നിവരിൽ നിന്നാണ് സമിതി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയത്. അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് പൊലീസിന് നൽകിയ മൊഴിയുടെ പകർപ്പ് സൈഫുദ്ദീൻ ഹാജി സമിതിക്ക് കൈമാറി. വാഹനമോടിച്ചത് ശ്രീറാം ആയിരുന്നുവെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായുമുള്ള വഫയുടെ ആദ്യ മൊഴി ചൂണ്ടിക്കാട്ടിയാണ് സൈഫുദ്ദീൻ ഹാജി മൊഴിപ്പകർപ്പ് സമർപ്പിച്ചത്. എന്നാൽ ഇക്കാര്യങ്ങളൊക്കെ നേരത്തേ ശ്രീറാം നിഷേധിച്ചിരുന്നു. അപകടം നടന്ന ശേഷം കേസ് രജിസ്റ്റർ ചെയ്ത അന്നത്തെ മ്യൂസിയം എസ്.ഐ ജയപ്രകാശും സമിതിക്ക് മുന്നിൽ മൊഴി നൽകി. കേസിലെ മറ്റൊരു സാക്ഷിയായ അന്നത്തെ സിറ്റി പൊലീസ് കമ്മിഷണറിൽ നിന്നും സമതി തെളിവെടുക്കും.
ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെയായിരുന്നു ശ്രീറം ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമ പ്രവർത്തകനായ കെ.എം. ബഷീർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |