തിരുവനന്തപുരം: ബസ് കൺസെഷൻ പുതുക്കാനെത്തിയ വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി പിഴ ഈടാക്കിയതിന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ശിക്ഷാനടപടിക്ക് ശുപാർശ. 34 വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ വീതം പിഴ ഈടാക്കിയത് നിയമവിരുദ്ധമാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിറ്റി ഡിപ്പോ മുൻ മേധാവി എസ്.എം. ബഷീർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി. രവീന്ദ്രൻ എന്നിവർക്കാണ് കുറ്റപത്രം നൽകിയത്.
2018 ജനുവരി മുതൽ ആറുമാസത്തിനിടെയാണ് വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി പിഴ ഈടാക്കിയത്. എന്നാൽ വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നില്ല. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഇക്കാര്യം മന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒന്നാംവർഷം കൺസെഷൻ വാങ്ങാതിരുന്നവർ അടുത്ത വർഷം അപേക്ഷ നൽകിയപ്പോഴാണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാൻ നിയമമില്ലെന്ന് സെഷൻ ക്ലാർക്ക് ചൂണ്ടിക്കാണിച്ചിട്ടും പിഴ വാങ്ങാൻ ഡിപ്പോ മേധാവി ശഠിക്കുകയായിരുന്നു. 34 അപേക്ഷകളിൽ 13 എണ്ണം പ്ലസ്ടു വിദ്യാർത്ഥികളുടേതും 21 എണ്ണം ബിരുദ വിദ്യാർത്ഥികളുടേതുമാണ്. ചീഫ് ഓഫീസിൽ നിന്നുള്ള ഉത്തരവുപ്രകാരമാണ് പിഴ ഈടാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, കേടുപാടുണ്ടായതും നഷ്ടപ്പെട്ടതുമായ കൺസെഷൻ കാർഡുകൾ പുതുക്കാൻ മാത്രമാണ് പിഴ ഈടാക്കേണ്ടിയിരുന്നത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് പുതിയ കൺസെഷൻ അപേക്ഷകളിൽ പിഴ ഈടാക്കിയത്.
ബിരുദ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിച്ചതിലും ക്രമക്കേടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോഴ്സ് തുടങ്ങി രണ്ട് മാസത്തിനുശേഷമാണ് കൺസെഷന് അപേക്ഷിക്കുന്നതെങ്കിൽ ചീഫ് ഓഫീസിൽ നിന്ന് അനുമതി തേടണം. എന്നാൽ ഇതു ചെയ്യാതെ പല അപേക്ഷകളിലും കൺസെഷൻ അനുവദിച്ചതായും കണ്ടെത്തി. അതേസമയം അച്ചടക്ക നടപടി അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |