ദൈവമാരാണെന്ന ചോദ്യത്തിന് വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നവനാണ് ദൈവമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഒരു ദിവസം അയ്യായിരത്തോളം നിർദ്ധനരുടെ പട്ടിണി മാറ്റുന്ന തോമസ് ചേട്ടനെ നമുക്ക് ദൈവമെന്ന് വിളിക്കാം അല്ലെങ്കിൽ ദൈവപുത്രനെന്ന്.
നവജീവനിലെ പി.യു.തോമസ് എന്നു പറഞ്ഞാൽ ആവി പറക്കുന്ന ചൂടുചോറായിരിക്കും പലരുടെയും ഓർമ്മ. നിശബ്ദമായ ഈ കാരുണ്യത്തിന്റെ കാവലാൾ ഒരു സാധാരണമനുഷ്യനാണ്. പി.യു. തോമസും അദ്ദേഹം സ്ഥാപിച്ച നവജീവൻ എന്ന സംഘടനയും കഴിഞ്ഞ നാലു നാലുപതിറ്റാണ്ടിലേറെയായി അന്നദാനമെന്ന മഹത്വത്തിലൂടെ ദൈവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആ കാരുണ്യം കൊണ്ടു തന്നെ കോട്ടയം മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും വരുന്ന രോഗികൾക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ പട്ടിണി കിടക്കേണ്ടി വരുന്നില്ല.
അതിരമ്പുഴ പാക്കത്തുകുന്നേൽ വീട്ടിൽ ഉലഹന്നാൻ - അന്നമ്മ ദമ്പതികൾക്ക് അഞ്ചു മക്കളിൽ മൂത്തയാളാണ് തോമസ്. ഇല്ലായ്മകൾക്കിടയിലും ആ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചത് നന്മയുടെ പാഠങ്ങളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം. ഒരു ദിവസം തോമസിന്റെ അടുത്ത സുഹൃത്ത് ക്ലാസിലിരുന്നു കരഞ്ഞു, കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു. 'വിശപ്പ് സഹിച്ചു കൂടാ....അതുകൊണ്ട് ആത്മഹത്യ ചെയ്യാൻ പോവുകയാണ്." ആ വേദന മനസിൽ തൊട്ടു.
കൈയിലുള്ള പൈസയ്ക്ക് രണ്ടുപേരും ആഹാരം കഴിച്ചു. പിന്നെ രണ്ടുപേരും ചേർന്നൊരു തീരുമാനമെടുത്തു. നാട്ടിൽ നിന്നാൽ ദാരിദ്ര്യം കൊണ്ടു മരിച്ചു പോകും, അതുകൊണ്ട് നാടുവിടാം, വലിയ പണക്കാരായി തിരിച്ചു വരാം. അങ്ങനെ കൈയിലുള്ള ചില്ലറ പൈസയുമായി നാടുവിട്ടു. നേരെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി. ആദ്യത്തെ തീവണ്ടി വടക്കോട്ടായിരുന്നു. അതിൽ കയറി. ഏതാനും മണിക്കൂറുകൾ ആ വണ്ടിയിൽ സഞ്ചരിച്ചു. കത്തിക്കാളുന്ന വിശപ്പ്. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയറിയില്ല. കൈയിലുണ്ടായിരുന്ന ബാക്കി പൈസയ്ക്ക് ആഹാരം കഴിച്ചശേഷം രണ്ടുപേരും ചേർന്ന് തീരുമാനിച്ചു. രണ്ടു വഴി പിരിയാം. എറണാകുളം ജംഗ്ഷനായിരുന്നു ആ സ്റ്റേഷൻ. ഒരാൾ റെയിൽവേ ട്രാക്കിന്റെ തെക്കോട്ടും മറ്റൊരാൾ വടക്കോട്ടും യാത്ര ചെയ്തു. ആ യാത്രയിൽ തോമസ് എത്തിപ്പെട്ടത് ധാരാളം പശുക്കൾ ഉള്ള ഒരു വീട്ടിലായിരുന്നു. അവിടെ പണിക്ക് ഒരാളിനെ ആവശ്യമുണ്ടായിരുന്നു.
ആഹാരം മാത്രമാണ് ശമ്പളം. അവിടെ എത്തിയപ്പോൾ മറ്റൊരു പയ്യൻ ജോലി ചെയ്യുന്നു, നോക്കുമ്പോൾ കൂടെ ഒളിച്ചോടിയ കൂട്ടുകാരൻ തന്നെ. അങ്ങനെ വീണ്ടും ഒരിടത്തായി. ഒരു വർഷം ആ വീട്ടിൽ ജോലി ചെയ്തു. വീട്ടുകാരുടെ പീഡനം സഹിക്കാൻ വയ്യാതെ വീണ്ടും നാടുവിട്ടു. അങ്ങനെ ഒരു കള്ളുഷാപ്പിൽ ജോലിയായി. അപ്പോഴേക്കും വീട്ടുകാരെ കാണാൻ കൊതി തോന്നിത്തുടങ്ങി. അങ്ങനെ വീട്ടിലേക്ക് വണ്ടി കയറി. ആയിടയ്ക്കാണ് കഠിനമായ വയറുവേദന തോമസിനെ കുഴക്കിയത്. സർജറി കഴിഞ്ഞ് ഒരു പാടു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ആ സമയത്താണ് പാലക്കാട്ടു നിന്ന് രാമചന്ദ്രൻ എന്നൊരാൾ ആശുപത്രിയിൽ എത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ രാമചന്ദ്രൻ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ആരുമില്ല. ആ ദൗത്യം തോമസ് ഏറ്റെടുത്തു. അങ്ങനെ ജീവകാരുണ്യ പ്രവർത്തനത്തിന് തോമസ് തുടക്കമിട്ടു. ലോകത്ത് ഏറ്റവും കൂടുതൽ കാരുണ്യം ആവശ്യമുള്ള ഇടം ആശുപത്രികളാണെന്ന് തോമസ് തിരിച്ചറിഞ്ഞു. അങ്ങനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിത്യസന്ദർശകനായി. അനാഥരായ രോഗികൾക്ക് കൂട്ടിരിക്കുക, അവർക്ക് ആഹാരമെത്തിക്കുക. പ്രതിഫലം പ്രതീക്ഷിക്കാതെ ഈ ജോലിയിൽ തോമസ് തുടർന്നത് പത്തുവർഷം.
ഒരിക്കൽ ശബരിമല സന്ദർശനത്തിന് ആന്ധ്രയിൽ നിന്നെത്തിയ ഒരു ഭക്തൻ കൂട്ടം തെറ്റി. കൂട്ടം തെറ്റൽ അയാളുടെ മാനസികാവസ്ഥ തകരാറിലാക്കി. അങ്ങനെയാണ് സൈക്യാട്രി വാർഡിൽ അയാൾ എത്തുന്നത്. ഭാഷ അറിഞ്ഞുകൂടാ, ഒന്നും ഓർമയില്ല. ആ ഭക്തന്റെ സംരക്ഷണം തോമസ് ഏറ്റെടുത്തു. രാത്രിയും പകലും കൂട്ടിരുന്നു. അവസാനം അയ്യപ്പ സേവാസംഘത്തിന്റെ ഭാരവാഹികൾക്ക് അയാളെ കൈമാറി. ആന്ധ്രപ്രദേശിൽ നിന്നുള്ള ബന്ധുക്കളെ കണ്ടപ്പോൾ അയാളുടെ രോഗവും ഭേദമായി.
ഈ സംഭവത്തിന്റെ തുടർച്ചയായിരുന്നു കോട്ടയത്തെ അഴുക്കുചാലിൽനിന്നു കണ്ടെടുത്ത, നാലുമാസം ഗർഭിണിയായിരുന്ന മനുഭായിയുടെ ജീവിതം. അവരെ ആശുപത്രിയിൽ എത്തിച്ചത് തോമസും സുഹൃത്തുക്കളും ചേർന്നാണ്. മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ സഹായത്തോടെ തോമസ് അവരെ ചികിത്സിച്ചു. പിന്നീട് മനുഭായിയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗം ഭേദമായപ്പോൾ തോമസ് ചേട്ടന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ മനുഭായിയാണ് നവജീവൻ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുക്കാൻ വഴിയൊരുക്കിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ സഹായത്തോടെ വാടകയ്ക്ക് എടുത്ത ഒറ്റമുറിയിൽ ഇവരെയൊക്കെ പാർപ്പിച്ചും ശുശ്രൂഷിച്ചും തോമസ് തുടങ്ങിയ പ്രസ്ഥാനമാണ് നാലു പതിറ്റാണ്ട് പിന്നിട്ട നവജീവൻ. കൃത്യം പന്ത്രണ്ടുമണിക്ക് നവജീവനിൽ നിന്ന് ആഹാരവും വെള്ളവുമായി കോട്ടയം മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് വണ്ടി പുറപ്പെടും. നവജീവന്റെ വണ്ടി വരുന്നതു കാത്ത് ആശുപത്രികൾക്കു മുന്നിൽ അപ്പോഴേക്കും നീണ്ട വരികൾ പ്രത്യക്ഷപ്പെട്ടിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞാൽ അത്താഴം.
ഒരു ദിവസം പോലും മുടങ്ങാതെ ഈ തപസ് തുടരുകയാണ്. ആരോടും ഒന്നും ചോദിക്കാറില്ല തോമസ്. പക്ഷേ ഒരു ദിവസം പോലും അന്നത്തിനു മുട്ടുണ്ടായിട്ടില്ല. അതാണ് ദൈവത്തിന്റെ സാന്നിദ്ധ്യമെന്ന് നവജീവനിലുള്ളവർ വിശ്വസിക്കുന്നു. ആഹാരം വിളമ്പിക്കൊടുക്കുന്നു. മരുന്നു വാങ്ങിക്കൊടുക്കുന്നു. രോഗങ്ങളെ അതിജീവിക്കാൻ ശക്തി പകരുന്നു. പുലർച്ചെ മൂന്നരയ്ക്കു തുടങ്ങുന്നു തോമസിന്റെ ഒരു ദിവസം. അഞ്ചു മണി വരെ പ്രാർത്ഥനയാണ്. പിന്നെ നേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്. വാർഡുകൾ തോറും കയറിയിറങ്ങും. പിന്നെ കുട്ടികളുടെ ആശുപത്രിയിലേക്ക്. ഓടി നടന്ന കുഞ്ഞിന് മാരകമായ കാൻസറാണെന്ന് അറിയുമ്പോൾ മാതാപിതാക്കളുടെ നിലവിളി ഉയരാറുണ്ട്. അപ്പോഴൊക്കെ തോമസ് അവിടെയെത്താറുണ്ട്. ദൈവസാന്നിദ്ധ്യം പോലെ, സാന്ത്വന സ്പർശവുമായി. തന്നെ കാണാൻ വരുന്നവരോട് തോമസേട്ടൻ പറയും, ഒരു ദിവസം വരൂ...നമുക്ക് ആഹാരം വിളമ്പാൻ കൂടാം.
ഈ കനിവിന് കൂടുതൽ അംഗീകാരമൊന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. വിശന്നിരിക്കുന്നവന് മുന്നിലേക്ക് ആഹാരവുമായി ചെല്ലുമ്പോൾ അവന്റെ കണ്ണു നനയും. ഇതിൽ കൂടുതൽ എന്ത് അംഗീകാരമാണ് വേണ്ടത്? നവജീവനിൽ തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന, സ്ഥിരബുദ്ധി നഷ്ടപ്പെട്ട, മക്കൾ ആട്ടിയിറക്കിയ അനാഥരായ മുന്നൂറോളം മനുഷ്യജന്മങ്ങൾ....അവർക്കിന്ന് വേണ്ടുവോളം ആഹാരമുണ്ട്. കിടന്നുറങ്ങാൻ കിടക്കകളുണ്ട്. കുടിക്കാൻ വെള്ളമുണ്ട്. സ്നേഹിക്കാൻ ഒരുപാട് സഹോദരങ്ങളുണ്ട്. രോഗത്തിന് മരുന്നും വേദനയ്ക്ക് സാന്ത്വനവുമുണ്ട്. വിശക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ അന്നമൂട്ടിയ ഈ മനുഷ്യൻ ദൈവ മല്ലാതെ പിന്നെ ആരാണ്?
l
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |