കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആദിവാസി വൃദ്ധൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇയാളെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൻെറ പാതിയോളം കടുവ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം മുതൽ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാടിനുള്ളിൽ നിന്നും പാതിഭക്ഷിച്ച നിലയിലുള്ള ജടയന്റെ മൃതദേഹം വനപാലകർ കണ്ടെത്തിയത്.
വനപാലകർ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. കാട്ടിൽ വിറക് ശേഖരിക്കാനായി പോയ ജടയനെ പുലർച്ചെയായിട്ടും കാണാതായപ്പോഴാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട ജടയന്റെ കുടുബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം താൻ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
സർക്കാരിന്റെ തീരുമാനം അനുസരിച്ച് 15 ലക്ഷം രൂപയുടെ സഹായം കൂടി സമയബന്ധിതമായി നൽകാൻ ആലോചിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. ജടയന്റെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. ജടയന്റെ മരണത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെയാളാണ് ജടയൻ എന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |