ഡൽഹിയിലെ കർഷക മാർച്ചിൽ പങ്കെടുക്കാനായി തമിഴ്നാട്ടിൽ നിന്നും എത്തിയ കർഷകർ കൈകളിൽ കൊണ്ട് വന്നത് അവർ അദ്ധ്വാനിച്ചുണ്ടാക്കിയ കാർഷിക വിഭവങ്ങളോ, ആരെങ്കിലും എഴുതി നൽകിയ പ്ലക്കാർഡുകളോ അല്ലായിരുന്നു. പകരം കുറച്ച് മനുഷ്യരുടെ തലയോട്ടികളും എല്ലുകളുമായിട്ടാണ് അവർ ന്യൂഡൽഹിയിലേക്ക് ട്രയിൻ കയറിയത്.
ഇത് തലയോട്ടി നൃത്തമല്ലെന്ന തലക്കെട്ടോടെ ഈ കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നത് തമിഴ് നാട്ടിലെ കർഷകർ കൊണ്ടുവന്ന തലയോട്ടികൾ അവരോടൊപ്പം വയലിൽ പണിയെടുത്ത കർഷകരുടെതായിരുന്നു എന്നാണ്. വയലിൽ എല്ലുമുറിയെ പണിയെടുത്തിട്ടും കടം വീട്ടുവാനാകാതെ ആത്മഹത്യ ചെയ്തവരുടെയോ പട്ടിണി മൂലം മരണപ്പെട്ടവരുടെയോ തലയോട്ടികളും എല്ലുമായിട്ടാണ് അവർ ഇവിടെ എത്തിയത്. കഴിഞ്ഞ വർഷവും തമിഴ്നാട്ടിലെ കർഷകർ വ്യത്യസ്തമായ സമര പരിപാടികളുമായി രാജ്യതലസ്ഥാനത്ത് എത്തിയിരുന്നു. അന്ന് അവർക്ക് കിട്ടിയ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളയായിരുന്നു. ദരിദ്ര കർഷകരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയും ഒരു കാക്കക്കും കാഷ്ടിക്കാൻ പറ്റാത്ത ഉയരത്തിൽ കോടികൾ ചെലവിട്ട് പ്രതിമകൾ നിർമ്മിക്കുകയും ചെയ്യുന്നത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്ന് ജോയ് മാത്യു ആരോപിക്കുന്നു.
ഡൽഹിയിലെ സാധാരണക്കാർ കർഷകരുടെ സമരത്തിന് നൽകിയ പിന്തുണയെ അഭിനന്ദിക്കുകയും, ഈ വിഷയം ജനമദ്ധ്യത്തിലെത്തിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധകാട്ടിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമർശിക്കുകയും ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്രിൻെറ പൂർണരൂപം
ഇത് തലയോട്ടി നൃത്തമല്ല .ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിൽ പങ്കെടുക്കാനെത്തിയ തമിഴ് നാട്ടിലെ കർഷകർ അവരോടൊപ്പം വയലിൽ എല്ലുമുറിയെ പണിയെടുത്തിട്ടും കടം വീട്ടുവാനാകാതെ ആത്മഹത്യ
ചെയ്തവരുടെയോ പട്ടിണി മൂലം മരണപ്പെട്ടവരുടെയോ തലയോട്ടികളുമായാണ് ഒരു രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് ഈ ദരിദ്ര കർഷകർ
മാർച്ച് ചെയ്യുന്നത് ..ഇൻഡ്യാരാജ്യത്തെ ജനങ്ങളെ ഊട്ടാൻ അഹോരാത്രം പണിയെടുക്കുന്ന ഈ ദരിദ്ര കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാമെന്ന് പൊള്ള വാഗ്ദാനങ്ങൾ നൽകുകയും ഒരു കാക്കക്കും കാഷ്ടിക്കാൻ പറ്റാത്ത ഉയരത്തിൽ കോടികൾ ചിലവിട്ട് പ്രതിമകൾ നിർമ്മിക്കുകയും ചെയ്യുന്നത് മാപ്പർഹിക്കാത്ത കുറ്റകൃത്യം തന്നെയാണ്. പതിനായിരക്കണക്കിന് കർഷകരുടെ മാർച്ചിന് ദില്ലിയിലെ സാധാരണക്കാരും ,വിദ്യാർത്ഥികളും,ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും നൽകുന്ന സഹായ സഹകരണങ്ങൾ വലുതാണ് . രാഷ്ട്രീയ നേതൃത്വങ്ങൾക്കില്ലാത്ത ദയാവായ്പ് ദില്ലിയിലെ സാധാരണക്കാർക്കുണ്ടല്ലോ എന്നതാണ് ആകെ ഒരാശ്വാസം . നമ്മുടെ മാധ്യമ പ്രവർത്തനം അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനെക്കുറിച്ചും ,ശബരിമലയിൽ ആചാരങ്ങൾ വേണോ വേണ്ടയോ എന്ന തർക്കങ്ങളിലും ,കവിതകൾ മോഷ്ടിക്കാനോ അതോ വായിക്കാനോ എന്നൊക്കെയുള്ള വർത്തമാനങ്ങളിലും അഭിരമിക്കുബോൾ ,നമ്മളെ തീറ്റിപോറ്റുന്ന കർഷകരുടെ ദുരവസ്ഥ കാണാതിരിക്കുന്നത് പാതകമാണ് എന്ന് മാത്രം പറയട്ടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |