ശബരിമല: മകരസംക്രമ പൂജാ സമയക്രമത്തിൽ ഇത്തവണ മാറ്റം. പതിവിന് വിപരീതമായി 15ന് പുലർച്ചെ 2.09 നാണ് സംക്രമ പൂജ നടക്കുക. സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന പുലർച്ചെയാകും മകരസംക്രമ പൂജയും സംക്രമാഭിഷേകവും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊടുത്തു വിടുന്ന നെയ്യാണ് സംക്രമ ദിനത്തിൽ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. സംക്രമപൂജയോട് അനുബന്ധിച്ച് 14 ന് രാത്രി നട അടയ്ക്കില്ലെന്നൊരു പ്രത്യേകതയും ഇത്തവണയുണ്ട്. 15ന് പുലർച്ചെ സംക്രമ പൂജകൾക്ക് ശേഷം രണ്ടരയോടെയേ ഹരിവരാസനം പാടി നട അടയ്ക്കൂ. ഇൗ സമയം വരെ ദർശനത്തിന് സൗകര്യം ഒരുക്കും. 15ന് പുലർച്ചെ 4ന് നടതുറന്ന് ഗണപതി ഹോമത്തിന് ശേഷം ബിംബശുദ്ധിക്രിയ നടത്തി പതിവ് പൂജകൾ നടക്കും. വൈകിട്ട് 4ന് നടതുറന്ന് പതിവ് ചടങ്ങിന് ശേഷം തിരുവാഭരണഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിക്കും. 6.40 ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
തിരുവാഭരണ ഘോഷയാത്ര 13ന് പുറപ്പെടും
അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13ന് ഉച്ചയ്ക്ക് 1 ന് പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 15ന് വൈകിട്ട് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ആംഗങ്ങളായ എൻ. വിജയകുമാർ, കെ.എസ്. രവി, സ്‌പെഷ്യൽ കമ്മിഷണർ മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി സുധീർ നമ്പൂതിരിയും ചേർന്ന് പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും.19ന് കളഭാഭിഷേകവും, 20ന് മാളികപ്പുറത്ത് ഗുരുതിയും നടക്കും. 21 ന് പന്തളം രാജ പ്രതിനിധിയുടെ ദർശനത്തിന് ശേഷം രാവിലെ 7ന് നടയടയ്ക്കുന്നതോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |