തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി) നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ ഏജൻസി (എസ്.എച്ച്.എ) രൂപീകരിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിനുവേണ്ടി 33തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉത്തരവാദിത്വമുള്ള നോഡൽ ഏജൻസിയായിരിക്കും ആരോഗ്യ ഏജൻസി. ഇൻഷ്വറൻസ് പദ്ധതിയുടെ ദൈനംദിനമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഈ ഏജൻസിയായിരിക്കും. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കൽ, അതിന്റെ സ്ഥിരീകരണം, മൂല്യനിർണയം,പദ്ധതിയുടെ നിരീക്ഷണം എന്നിവ നടത്തേണ്ടത് ആരോഗ്യ ഏജൻസിയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഫലപ്രദമായാണ് നടപ്പിലാക്കി വരുന്നത്. ഒരു കുടുംബത്തിന് ഓരോ വർഷവും 5ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖാന്തരം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ നൽകുന്നത്. ഇതുവരെ 42ലക്ഷത്തോളം കുടുംബങ്ങൾ പദ്ധതിയിൽ ചേർന്നതായും മന്ത്രി അറിയിച്ചു.
ആരോഗ്യ ഏജൻസിയുടെ ചുമതലകൾ
അർഹരായ ഗുണഭോക്താക്കളെ അംഗങ്ങളാക്കുക, പദ്ധതിയിൽ ആശുപത്രികളുടെ എംപാനൽമെന്റ്, ടെൻഡറിലൂടെ ഇൻഷ്വറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കൽ, ആരോഗ്യ സംരക്ഷണ ദാതാക്കൾ നൽകുന്ന സേവനങ്ങളുടെ നിരീക്ഷണം, ആശുപത്രി ക്ലെയിമുകളുടെ അഡ്മിനിസ്‌ട്രേഷൻ, പാക്കേജ് നിരക്കുകളുടെ പുനരവലോകനം, ലിസ്റ്റുചെയ്ത ചികിത്സകൾക്കായി ചികിത്സാ പ്രോട്ടോക്കോളുകൾ സ്വീകരിക്കുക, ആവശ്യമുള്ളപ്പോൾ ദേശീയ ആരോഗ്യ ഏജൻസിയുമായി കൂടിയാലോചിച്ച് പ്രവർത്തന മാർഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുക, പരാതി പരിഹാര നടപടികൾ സ്വീകരിക്കുക, ജില്ലകളിലെ പദ്ധതികളുടെ പരിശോധന, ആനുകാലിക റിപ്പോർട്ടുകൾ തയ്യാറാക്കുക, പൊതുജനങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് സംബന്ധമായ ബോധവത്കരണം നൽകൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |