തിരുവനന്തപുരം: പൗരത്വ നിയമപ്രശ്നത്തിൽ സി.പി.എമ്മിനെയും ഗവർണറെയും നിശിതമായി വിമർശിച്ച് കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി. സി. സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് എന്നും തീവ്രഹിന്ദുത്വ നിലപാടാണ് ഉണ്ടായിരുന്നത്. സ്വാതന്ത്രസമരകാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോഴത്തെ പാർട്ടിയും ഹിന്ദുത്വ അനുകൂല നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനെ ബി.ജെ.പി. യുടെ ഒൗട്ട്പോസ്റ്റാക്കി മാറ്റിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കെ.പി.സി.സി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത നേതാക്കളെ വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് തിങ്കളാഴ്ച ഡൽഹിയിലെത്താനാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്.
കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക കേന്ദ്രനേതൃത്വം തള്ളിയതോടെയാണ് ചുരുക്കപ്പട്ടിക തയാറാക്കി നേതാക്കൾ ഡൽഹിക്ക് പുറപ്പെടുന്നത്. ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 25 പേരിൽ ഒതുങ്ങുന്ന പട്ടിക മതിയെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്. ചെന്നിത്തലയും ഉമ്മൻചാണ്ടിയുമായി അദ്ദേഹം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയാറാക്കിയെങ്കിലും അത് കേന്ദ്രനേതൃത്വം തള്ളിയതിനാൽ അന്തിമധാരണ ഹൈക്കമാൻഡിന്റെ കൂടി നിർദേശം അറിഞ്ഞുമതിയെന്നാണ് തീരുമാനം. ചൊവ്വാഴ്ച എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധിയുമായും രാഹുൽഗാന്ധിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |