കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ മാമാങ്കം കഴിഞ്ഞതോടെ പൊടിയിലമർന്ന വീടുകളിലേക്ക് സമീപവാസികൾക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കണം. ആൽഫ സെറീൻ, എച്ച്.ടു.ഒ ഫ്ളാറ്റുകളുടെ സമീപത്തെ വീടുകളും റോഡുകളും കോൺക്രീറ്റ് പൊടികൊണ്ട് മൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ വീടുകളുടെ അടുക്കളയിലും കിടപ്പുമുറിയിലുംവരെ പൊടിയെത്തി. ഇതോടെ സമീപവാസികളുടെ വീട്ടിലേക്കുള്ള മടക്കം ഇനിയും വൈകും.
70000 ടൺ കോൺക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങൾക്കുളളിൽ നീക്കം ചെയ്യേണ്ടത്. ഇതിന് ശേഷം മടങ്ങിവരാനാണ് സമീപവാസികളുടെ തീരുമാനം. പലരും മൂന്നു മാസത്തെ കരാറിലാണ് വാടക വീടുകൾ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവ പൂർണമായും നീക്കം ചെയ്ത് ശേഷം പൊടിശല്യം കൂടി ഒഴിവായാലെ ഇവർക്ക് തിരികെ വരാനാവൂ. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. എന്നാൽ ഇതിനായി 45 ദിവസം മതിയെന്നാണ് അവശിഷ്ടങ്ങൾ നീക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രോംപ്റ്റ് എന്റർപ്രൈസസ് പറയുന്നത്.
പൊടി ശല്യംമൂലം പലരും ഇപ്പോൾ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇന്നലെ പൊളിച്ച ജയിൻ കോറൽകോവിൽനിന്ന് 200 മീറ്റർ ചുറ്റളവിലും 50 മീറ്റർ ഉയരത്തിലും പൊടി വ്യാപിച്ചു. ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ബ്രൗൺ നിറത്തിൽ ഉയർന്ന പൊടി 100 മീറ്റർ ചുറ്റളവിലും 50 മീറ്റർ ഉയരത്തിലുമാണ് വ്യാപിച്ചത്.
പ്രാഥമിക നിരീക്ഷണങ്ങളിൽ ഇവിടെ നേർത്ത പൊടിപടലം കൂടുതലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ടാണ് രണ്ട് സ്ഥലങ്ങളിലും പൊടി ഒതുങ്ങി സാധാരണ നിലയിലേക്കായത്. പൊടി ഉയർന്നതിെനക്കുറിച്ച് നടക്കുന്ന പഠനങ്ങളിൽ നാല് ഫ്ളാറ്റുകളുടെയും കാര്യം വിശദമായി പരിശോധിക്കും. ഒരാഴ്ചക്കകം ഇത് പൂർത്തീകരിക്കും. കായലിലെ വെള്ളം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കും. ആൽഫ സെറീന് സമീപത്തെ റോഡിലെ പൊടി വൈകിട്ടോടെ സമീപവാസികൾതന്നെ വെള്ളം പമ്പ് ചെയ്ത് കഴുകി.
ഇന്ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും.അതോടൊപ്പം ഫ്ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഫ്ളാറ്റിന്റെ വില അനുസരിച്ച് ഓരോ കെട്ടിടങ്ങളിലെയും ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം. ബാക്കി തുക സംബന്ധിച്ച് റിട്ട. ജസ്റ്റിസ് ബാലകൃഷ്ണൻനായർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ കോടതി പരിശോധിക്കും.
ഇന്നു മുതൽ മാലിന്യങ്ങൾ നീക്കും
മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ കെട്ടിടാവശിഷ്ടങ്ങൾ ഇന്നു മുതൽ മാറ്റി തുടങ്ങും. കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, കോൺക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോപ്റ്റ് എന്റർപ്രൈസസാണ്. ഇന്നുതന്നെ ഇതാരംഭിക്കും. 10 എൻജിനീയർമാരും 40 ജീവനക്കാരും ഉണ്ടാവും. കോൺക്രീറ്റിൽനിന്ന് ഇരുമ്പ് വേർതിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും നീക്കും. ഒരു സൈറ്റിൽ അഞ്ചുലോറികൾ വീതം അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |