തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായുള്ള ലയന ചർച്ചകൾ നേതാക്കൾ രഹസ്യമാക്കി വയ്ക്കാതെ സുതാര്യമായി നടത്തണമെന്ന് ജനതാദൾ-എസ് നേതൃയോഗത്തിൽ ആവശ്യമുയർന്നു.
ലയനചർച്ചകൾക്കായി അഖിലേന്ത്യാ അദ്ധ്യക്ഷൻ ചുമതലപ്പെടുത്തിയ പ്രസിഡന്റ് സി.കെ.നാണു അടക്കമുള്ള നാല് നേതാക്കളും നടത്തുന്ന നീക്കങ്ങൾ ദേവഗൗഡയ്ക്ക് റിപ്പോർട്ട് ചെയ്യാനും അന്തിമ തീരുമാനം ദേവഗൗഡ കൈക്കൊള്ളണമെന്നും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി. ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, ദേശീയ നിർവ്വാഹകസമിതിയംഗങ്ങൾ എന്നിവരുടെ യോഗമാണ് ചേർന്നത്. 17ന് ശേഷം എൽ.ജെ.ഡി ഉപസമിതിയുമായി ചർച്ച നടത്തും.
കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവാകരനാണ് ലയനനീക്കം പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. പാർട്ടി പിളർന്നപ്പോൾ ജെ.ഡി.എസ് രൂപീകരിക്കാൻ മുൻകൈയെടുത്തവരെയും ഉൾക്കൊള്ളണമെന്നും ദിവാകരൻ പറഞ്ഞു. താനും മാത്യു.ടി.തോമസും സി.കെ.നാണുവും നീലലോഹിതദാസും ഉൾപ്പെട്ട സമിതിയാണ് ചർച്ച നടത്തുന്നതെന്നും , ദേവഗൗഡയാണ് തങ്ങളെ ചുമതലപ്പെടുത്തിയതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരിച്ചു. . ദേവഗൗഡയുടെ കത്ത് വായിച്ച മാത്യു.ടി.തോമസ്, ലയനത്തിന് താൻ എതിരല്ലെന്ന് വ്യക്തമാക്കി. ലയനശേഷം മുന്നണിയിൽ കൂടുതൽ സീറ്റുകളാവശ്യപ്പെടണം. .ഇടതുമുന്നണി പ്രാദേശികതല സമിതികളിൽ ഭാരവാഹിത്വം സി.പി.എമ്മും സി.പി.ഐയും വിഭജിച്ചെടുക്കുകയാണെന്നും മാത്യു.ടി.തോമസ് പറഞ്ഞു. . ഇക്കാര്യത്തിൽ പ്രതിഷേധം മുന്നണി യോഗത്തിൽ അറിയിക്കാൻ ധാരണയായി ജെ.ഡി.എസിലേക്ക് എൽ.ജെ.ഡിയാണ് ലയിക്കുകയെന്ന് യോഗത്തിന് ശേഷം പ്രസിഡന്റ് സി.കെ. നാണു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലയനത്തോട് എല്ലാവർക്കും യോജിപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നാകണമെന്ന് ആഗ്രഹമുണ്ടെന്നും നാണു പറഞ്ഞു.
നാണുവും കോട്ടയം ജില്ലാ പ്രസിഡന്റും തമ്മിൽ തർക്കം
ജനതാദൾ-എസ് നേതൃയോഗത്തിൽ സംഘടനാപ്രശ്നങ്ങളെ ചൊല്ലി സംസ്ഥാന പ്രസിഡന്റ് സി.കെ. നാണുവും കോട്ടയം ജില്ലാ പ്രസിഡന്റ് എം.ടി. കുര്യനും തമ്മിൽ രൂക്ഷ വാഗ്വാദം. കോട്ടയം ജില്ലാകമ്മിറ്റിക്കായുള്ള സ്ഥലം ജില്ലാ പ്രസിഡന്റ് സ്വന്തം പേരിൽ വാങ്ങിയെന്ന ആക്ഷേപമാണ് ഉയർന്നത്.
തനിക്കെതിരെ പാലാ മണ്ഡലം മുൻ പ്രസിഡന്റ് നൽകിയ കേസ് ഒത്തുതീർക്കാത്തതിനെതിരെയും നാണു ആഞ്ഞടിച്ചു. താൻ ആരുടെയും നയാപൈസ എടുത്തിട്ടില്ലെന്നും തന്നെ മോശക്കാരനാക്കാൻ നോക്കിയാൽ നടക്കില്ലെന്നും നാണു പറഞ്ഞു. കുര്യനും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ മറ്റ് നേതാക്കളിടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |