SignIn
Kerala Kaumudi Online
Sunday, 06 July 2025 10.12 AM IST

തങ്ങൾക്കിഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡൽഹിയിലെ ചാണക്യനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം - എം.ബി.രാജേഷ്

Increase Font Size Decrease Font Size Print Page
mb-rajesh

തിരുവനന്തപുരം ∙ കാശ്മീരിൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈ.എസ്‌.പി ദേവീന്ദർ സിംഗ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി..പി..എം നേതാവ് എം.ബി. രാജേഷ്. ഇഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡൽഹിയിലെ ചാണക്യനും കർട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംഭവത്തിൽ മറുപടി പറയണമെന്നു ഫേസ്ബുക്ക് കുറിപ്പിൽ രാജേഷ് ആവശ്യപ്പെട്ടു.

പിടിയിലായ ദേവീന്ദർ സിംഗ് ​ഒരു ചെറിയ മീനല്ലെന്നും വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച്‌ ആദരിച്ച പൊലീസ് സൂപ്രണ്ടാണെന്നും എം.ബി രാജേഷ്​ കുറിച്ചു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് ഡിവൈ.എസ്​.പിയായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയ്​ സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലമെന്റ് ആക്രമണവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലുണ്ടായ പുൽവാമ ഭീകരാക്രമണവും ആർക്കാണ് രക്ഷയായതെന്നറിയാമല്ലോ എന്നും രാജേഷ് ചോദിക്കുന്നു..

എം.ബി.രാജേഷിന്റെ പേസ്ബുക്ക് പോസ്റ്ര്

ഒരു യഥാർഥ ‘രാജ്യസ്നേഹി’ കശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും ‘രാജ്യസ്നേഹത്തിന്റെ’ സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ് ഒരു ചെറിയ മീനല്ല. പൊലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച് ആദരിച്ചവനാണ്. കൊടുംഭീകരരെ, ആർമി കന്റോൺമെന്റിനോട് അതിർത്തി പങ്കിടുന്ന സ്വന്തം വീട്ടിൽ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച്, അതിനുശേഷം അവരേയും കൂട്ടി ഡൽഹിക്ക് കാറിൽ സഞ്ചരിക്കുന്ന ‘വിശിഷ്ട സേവന’ത്തിനിടയിലാണ് യാദൃഛികമായി പിടിയിലാവുന്നത്.

ലക്ഷ്യം റിപ്പബ്ലിക് ദിനമായിരുന്നിരിക്കണം. ‘വിശിഷ്ട സേവന’ത്തിൽ മുൻപരിചയമുണ്ട് ഈ വമ്പൻ സ്രാവിന്. പാർലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് ഡിവൈഎസ്പിയായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലമെന്റ് ആക്രമണം ആർക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ രാഷ്ട്രീയ ബമ്പർ ലോട്ടറിയടിച്ചവർ ആരെന്നും ആർക്കാണറിയാത്തത്?

ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്തു ഭീകരർ അവരുടെ നിതാന്ത ശത്രുക്കളായ ‘രാജ്യസ്നേഹി’കളുടെ രക്ഷയ്ക്കെത്തുന്നത് എങ്ങിനെയെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അദ്ഭുതത്തിനു പകരം ചില ചോദ്യങ്ങളാണുയരുന്നത്. ഉത്തരം പറയാൻ തങ്ങൾക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡൽഹിയിലെ ചാണക്യനും കർട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം. വായും പൂട്ടി ഇരിക്കാതെ സമാധാനം പറയാൻ അവർക്ക് ബാധ്യതയുണ്ട്. സിപിഐ(എം) ഈ ആവശ്യം ഉയർത്തിയിട്ടുമുണ്ട്.

1. പാർലമെന്റ് ആക്രമണ കേസിൽ ആരോപണ വിധേയനായിട്ടും സംരക്ഷണവും പിന്നെ പ്രമോഷനും അതും പോരാതെ രാഷ്ട്രപതിയുടെ മെഡലും കിട്ടിയത് എങ്ങനെ? ഇതെല്ലാം എന്തിനുളള ഉപകാരസ്മരണയായിരുന്നു?

2. പാർലമെന്റ് ആക്രമണക്കേസിലെ പങ്കിനെക്കുറിച്ച് ഇയാൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണം വാജ്പേയി സർക്കാർ അന്വേഷിക്കാതിരുന്ന അസാധാരണ നടപടിക്ക് എന്തുണ്ട് വിശദീകരണം?

3. ഭീകരരെ ആർമി കന്റോൺമെന്റിനോടു ചേർന്ന അതീവ സുരക്ഷാ മേഖലയിലെ തന്റെ ഔദ്യോഗിക വസതിയിൽ താമസിപ്പിക്കാൻ ധൈര്യം കിട്ടിയതെങ്ങനെ? ഏത് ഉന്നതന്റെ പിൻബലമാണയാൾക്കുള്ളത്?
4. കൊടുംഭീകരർ അതീവ സുരക്ഷാ മേഖലയിൽ ഒരു ദിവസം താമസിച്ചിട്ടും അറിയാത്ത ഇന്റലിജൻസ് വീഴ്ചയും സുരക്ഷാവീഴ്ചയും യാദൃച്ഛികമെന്ന് വിശ്വസിക്കണോ?

5. പുൽവാമയിലും അതിനു മുമ്പു നടന്ന ഭീകരാക്രമണങ്ങളിലുമെല്ലാം ഭീകരർക്ക് ആക്രമണം നടത്താൻ സുരക്ഷിതമായി സൗകര്യം ഒരുക്കി കൊടുത്തതിലും ദേവീന്ദറിന് പങ്കുണ്ടോ?

6. പാർലമെന്റ് ആക്രമണത്തിലെ പോലെ പഠാൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങളിലും ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടാതെ പോയത് എന്തുകൊണ്ട്?

7. ഉറിയിലെ സൈനിക ക്യാംപിലേക്കും പുൽവാമയിലെ ജവാൻമാരുടെ കോൺവോയിലേക്കും എല്ലാ സുരക്ഷയും മറികടന്ന് ഭീകരർക്ക് എത്താനായത് ആരുടെ സഹായത്തിലാണെന്നറിയാൻ ‘രാജ്യസ്നേഹി’ സർക്കാർ ഒരു താൽപര്യവും കാണിക്കാത്തത് എന്തുകൊണ്ടാവും?

TAGS: MB RAJESH, DEVINDRA SINGH, AMIT SHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.