തിരുവനന്തപുരം: മഹാപുണ്യമാകുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം മിഴി തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നത്തെ സന്ധ്യ ദീപപ്രഭയാൽ മിന്നിത്തിളങ്ങും. അനന്തപുരിയുടെ പുണ്യരാവായി അത് മാറും. അതിനായി എല്ലാ മനസുകളും കാത്തിരിക്കുകയാണ്. ലക്ഷം ദീപങ്ങൾ ഒരുമിച്ച് തെളിയുമ്പോൾ അത് ലക്ഷങ്ങളുടെ മനസുകളിൽ ഐശ്വര്യത്തിന്റെ പ്രഭ ചൊരിയും. എല്ലാ അശാന്തിയേയും ആ ദീപ പ്രഭ തഴുകിയകറ്റും. മണ്ണും വിണ്ണും ഒരുപോലെ ശുദ്ധീകരിക്കുന്ന പുണ്യനിമിഷം. അതിന് കണ്ണും കരളുമേകാൻ ഭക്തർ പദ്മനാഭസന്നിധിയിലേക്ക് ഒഴുകിയെത്തും. ഇനി ആറ് വർഷം കഴിഞ്ഞേ ഇങ്ങനെയൊരു കാഴ്ചയുള്ളൂ.
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ആദ്യത്തെ ലക്ഷദീപം നടന്നത് 1750 ജനുവരി 15ന് ആയിരുന്നു. മാർത്താണ്ഡ വർമ്മയായിരുന്നു അത്യാഡംബരത്തോടെ അതിഗംഭീരമായി തന്നെ ഉത്സവം നടത്തിയതെന്ന് രേഖകൾ പറയുന്നു. അന്ന് ചെലവായത് രണ്ട് ലക്ഷം രൂപയായിരുന്നെങ്കിൽ നൂറ്റാണ്ടുകൾക്കിപ്പുറം മുറജപത്തിന്റെ ചെലവ് കണക്ക് നാലു കോടിയിലെത്തി നിൽക്കുന്നു.
'തിരുവിതാംകൂർ സംസ്ഥാനം നിലവിലിരുന്നപ്പോൾ ഈ മഹോത്സവത്തിന്റെ ചെലവ് ആ സംസ്ഥാനം തന്നെ വഹിച്ചു പോന്നു. രാഷ്‌ട്രീയ സംവിധാനത്തിൽ വ്യത്യാസം വന്നപ്പോൾ വൻ ചെലവുള്ള ആ ഉത്സവത്തിനു വേണ്ട പണം ചിത്തിരതിരുനാൾ തിരുമനസുകൊണ്ട് സ്വന്തം സമ്പത്തുകളിൽ നിന്ന് ലഭ്യമാക്കി. അതിന്റെ തുടർന്നുള്ള നിർവിഘ്‌നമായ നടത്തിപ്പിന് അവിടുന്ന് ഒരു നിധി സൃഷ്‌ടിച്ചു. ആ നിധി ഇപ്പോഴും ഉപയോഗയോഗ്യമാണ്'- 'ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം' എന്ന തന്റെ പുസ്‌തകത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീഭായി കുറിച്ച വാക്കുകളാണിത്.
ലക്ഷദീപത്തിന് അനന്തപുരി ഒരുങ്ങുമ്പോൾ
വൻ സുരക്ഷ 300 കാമറ, 1000 പൊലീസ്
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്രമീകരിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ മേൽനോട്ടത്തിൽ പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറുസോണുകളായി തിരിച്ചാണ് സുരക്ഷ ക്രമീകരണം. ഗതാഗത നിയന്ത്രണം, പാർക്കിംഗ്, ക്രമസമാധാന പാലനം എന്നിങ്ങനെ ക്ഷേത്രത്തിന് പുറത്തെ മൂന്നു സോണുകളുടെ ചുമതല ട്രാഫിക് പൊലീസിനും ഫോർട്ട് പൊലീസിനുമാണ്. ക്ഷേത്രവും പരിസരവും ഉൾപ്പെടെയുള്ള സോണുകളുടെ ചുമതല ടെമ്പിൾ പൊലീസിനാണ്. വനിതാ സി.ഐയുടെ നേതൃത്വത്തിൽ 67 വനിതാ പൊലീസുകാരെയും 34 കമാൻഡോകളെയും ക്ഷേത്രത്തിൽ വിന്യസിക്കും. ക്ഷേത്രവും പരിസരവും മുന്നൂറോളം കാമറകളുടെ നിരീക്ഷണത്തിലാണ്. കളിയിക്കാവിള സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രവും പരിസരവും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഹാന്റ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറും ഡോർ ഫ്രെയിം മെറ്രൽ ഡിറ്റക്ടറും ഉപയോഗിച്ചുള്ള മൂന്ന് റൗണ്ട് പരിശോധനകൾക്കുശേഷമാകും ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക. ലക്ഷദീപദർശനത്തിന് അകത്ത് പ്രവേശിച്ചാൽ ലക്ഷദീപം കഴിയാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മുതൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ നിലവിൽ വരും.
വി.ഐ.പി പാർക്കിംഗ് വാസുദേവ വിലാസം റോഡിൽ
ലക്ഷദീപം ദർശനത്തിനെത്തുന്ന വി.ഐ.പി വാഹനങ്ങൾക്ക് ക്ഷേത്രത്തിന്റെ വടക്കേനട ഭാഗത്തെ വാസുദേവ വിലാസം റോഡിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. തിരുവമ്പാടി നടവഴി പ്രവേശിക്കുന്ന വി.ഐ.പികൾക്ക് മാത്രമാണ് കസേരയുള്ളത്. മന്ത്രിമാർ, എം.പിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തുമെന്നാണ് പ്രതീക്ഷ. തിരുവമ്പാടി നടയിൽ നിന്ന് കയറിവരുന്ന ഭാഗത്താണ് വി.ഐ.പികൾക്കായുള്ള ഇരിപ്പിട സംവിധാനം.
19 ബാരിക്കേഡുകൾ 21,000 പേർക്ക് പ്രവേശനം
കിഴക്കേനടയും തിരുവമ്പാടി നടയും ഒഴികെയുള്ള മറ്റ് മൂന്ന് നടകളിലൂടെയും വൈകുന്നേരം നാലരമുതൽ പാസുള്ള മുഴുവൻ പേർക്കും അകത്ത് പ്രവേശിക്കാം. വൈകിട്ട് ആറരവരെയാണ് പ്രവേശനം. കിഴക്കേ നടവഴി പ്രവേശനം വേണ്ടെന്നാണ് നിലവിലെ തീരുമാനം. ദേഹപരിശോധനയും പാസ് പരിശോധനയും പൂർത്തിയാക്കി അകത്ത് പ്രവേശിക്കുന്ന ഭക്തരെ പാസിന്റെ നിറമനുസരിച്ച് ക്ഷേത്രത്തിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന 19 ബാരിക്കേഡുകളിലായി പ്രവേശിപ്പിക്കും. ഓരോ ബാരിക്കേഡിനും നാലോ അഞ്ചോ പ്രവേശന കവാടങ്ങളുണ്ട്. ബാരിക്കേഡിലെ നിലത്ത് വിതാനിച്ച പഞ്ചാരമണലിൽ ഇരുന്ന് വേണം ലക്ഷദീപവും ശീവേലിയും ദർശിക്കാൻ. സാധാരണ ഒരു പ്രദക്ഷിണമാണുള്ളതെങ്കിൽ ലക്ഷദീപത്തിന് മൂന്നുതവണയാണ് ശീവേലി പ്രദക്ഷിണം.ഓരോ ബാരിക്കേഡിലും വനിതാ പൊലീസും കമാൻഡോകളുമുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കുടിവെള്ള വിതരണത്തിന് വോളന്റിയർമാരുമുണ്ടാകും. ലക്ഷദീപം ജ്വലിപ്പിക്കാനും പ്രത്യേക പാസ് നൽകി വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. രാത്രി 8.45ന് ശീവേലി അവസാനിച്ചശേഷമേ ഭക്തർക്ക് പുറത്ത് കടക്കാൻ കഴിയൂ. പാസില്ലാത്തവർക്ക് പ്രത്യേക ക്യൂ വഴി ക്ഷേത്രത്തിനുള്ളിൽ കയറി ലക്ഷദീപവും ശീവേലിയും ദർശിക്കാനും സൗകര്യമുണ്ട്. വൈകിട്ട് ആറരയ്ക്ക് ശേഷമായിരിക്കും പ്രവേശനം. ഇവർക്ക് തെക്കേ നടയിൽ നിന്ന് കയറി പടിഞ്ഞാറെ നടയിലൂടെയും പടിഞ്ഞാറെ നടയിൽ നിന്ന് കയറി വടക്കേ നടവഴിയും പുറത്തിറങ്ങാം.
പാർക്കിംഗിന് 20 സ്ഥലം
ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ല. നഗരസഭയുടെയും കെ.എസ്.ആർ.ടി.സി യുടേതുമുൾപ്പെടെ ഇരുപത് സ്ഥലങ്ങളാണ് പാർക്കിംഗിനായി ക്രമീകരിച്ചിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനം, ഫോർട്ട് ഹൈസ്‌കൂൾ, ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഓഫീസ്, ശ്രീകണ്‌ഠേശ്വരം പാർക്ക് തുടങ്ങി ക്ഷേത്രത്തിന് സമീപത്തെ 20 സ്ഥലങ്ങളാണ് പാർക്കിംഗിന് പൊലീസ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ നടകളിലും ഫയർ, ആംബുലൻസ്
എല്ലാ നടകളിലും ഫയർഫോഴ്സിന്റെയും ആംബുലൻസിന്റെയും മെഡിക്കൽ ടീമിന്റെയും സഹായം ഉണ്ടാകും. പത്ത് ഫയർഫോഴ്സ് യൂണിറ്റുകളുടെ സേവനമാണ് നാല് നടകളിലായി ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്ര വളപ്പിനുള്ളിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉണ്ടാകും. ഫയർ എക്സ്റ്റിൻഗുഷറുൾപ്പെടെയുള്ള പ്രാഥമിക അഗ്നിശമന ഉപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വൈദ്യ സഹായത്തിനായി മെഡിക്കൽ ടീമിനെയും അരഡസനോളം ആംബുലൻസ് സർവീസുകളെയും നാല് നടകളിലും ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |