തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ അൽഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി ഇന്റലിജൻസിന്റെ സ്ഥിരീകരണം. മുഖ്യപ്രതികൾക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസോ നാട്ടുകാരോ കടക്കാൻ ഭയക്കുന്ന പോക്കറ്റുകളാണ് പല ഒളിത്താവളങ്ങളുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. കളിയിക്കാവിള കൊലപാതകക്കേസിലെ പ്രതികളും അൽഉമ്മ പ്രവർത്തകരുമായ അബ്ദുൽ ഷെമീമും തൗഫീക്കും കൊലപാതകത്തിന് മുമ്പും പിമ്പും കേരളത്തിനകത്തും പുറത്തുമുള്ള ഇത്തരം ക്യാമ്പുകളിൽ അഭയം തേടിയിരുന്നുവെന്നാണ് സൂചന.
അതീവ രഹസ്യമായി തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന ഇവർക്ക് ഇന്ത്യയൊട്ടാകെ വേരുകളുണ്ട്. അടുത്ത ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇതിന്റെ പ്രവർത്തകരിൽ പലരും. തമിഴ്നാട്ടിൽ ഹിന്ദുമുന്നണി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവമുൾപ്പെടെ അൽഉമ്മ പ്രവർത്തകർ ആസൂത്രണം ചെയ്ത പല ക്രിമിനൽ പ്രവൃത്തികളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത പലരും ഇത്തരം സുരക്ഷിത താവളങ്ങളിലാണ് കൃത്യത്തിനുശേഷം അഭയം തേടിയിയതെന്നാണ് ഇന്റലിജൻസിന് കിട്ടിയ വിവരം. കൃത്യത്തിന് പിന്നിലുള്ള തങ്ങളുടെ പങ്ക് തിരിച്ചറിയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷമേ ഇവർ താവളം വിടൂ. പങ്ക് തിരിച്ചറിഞ്ഞാൽ ഒളിവിൽ കഴിഞ്ഞുകൊണ്ടുതന്നെ കേസിൽ നിന്ന് തലയൂരുന്നതിനാവശ്യമായ പഴുതുകളും ഇവർ ഒരുക്കും. ഒളിവിൽ കഴിയുമ്പോഴും മറ്റും ഇവരെ സാമ്പത്തികമായി സഹായിക്കാൻ ഹവാലപണം ഇടപാട് ലോബികളും കള്ളക്കടത്ത് സംഘങ്ങളും ഉണ്ടത്രേ. കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് അൽ ഉമ്മയുടെ പ്രവർത്തനം വ്യാപകമായത്. പൗരത്വ ബില്ലിൽ പ്രതിഷേധം ശക്തമായതോടെ അത് മുതലെടുക്കാനും അതിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും ഇന്റലിജൻസിന് വിവരമുണ്ട്. മിന്നൽ ആക്രമണങ്ങളായിരുന്നുവത്രേ ഇവർ ആസൂത്രണം ചെയ്തിരുന്നത്.
സംശയിക്കാത്ത പ്രവർത്തനം
കേരളത്തിലെ ഏതാണ്ട് പകുതിയോളം ജില്ലകളിൽ അൽ ഉമ്മയ്ക്ക് സംഘടനാ സംവിധാനം നിലവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആരും സംശയിക്കാത്ത വിധത്തിലാണ് ഇവരുടെ പ്രവർത്തനശൈലി. പ്രവർത്തകരിൽ പലരും ചെറുകിട ബിസിനസുകാരും റിയൽ എസ്റ്റേറ്റ് സംഘങ്ങളായും പ്രവാസിയായുമാണ് നാട്ടിൽ അറിയപ്പെടുക. എ.എസ്.ഐയുടെ കൊലപാതകക്കേസിൽ പിടിയിലായ അബ്ദുൾ ഷെമീമിനും തൗഫീക്കിനും മുമ്പ് വീട് വാടകയ്ക്കെടുത്ത് നൽകിയ വിതുര സ്വദേശി സെയ്ദലിയും നാട്ടിൽ ഗൾഫുകാരനായാണ് അറിയപ്പെട്ടിരുന്നത്. ഗൾഫിലാണെന്ന പേരിൽ സ്വന്തം നാട്ടിൽ നിന്ന് മാറിനിന്ന സെയ്ദലി മറ്രൊരിടത്ത് താമസിച്ചാണ് തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. സംഘടനാ പ്രവർത്തനത്തിനായി ഇവർക്ക് വൻ സാമ്പത്തിക സഹായം പുറത്ത് നിന്ന് ലഭിക്കുന്നതായും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃത പണം ഇടപാട്, കള്ളക്കടത്ത് എന്നിവയും ഇവർ നടത്തുന്നതായാണ് വിവരം. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകളുള്ള ചിലർ സംശയനിഴലിലാണ്.
രണ്ട് മാസം മുമ്പ് തമിഴ്നാട്ടിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊടും ക്രിമിനൽ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം ദിവസങ്ങളോളം ഇവിടെ തമ്പടിച്ചിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് സിറ്റി പൊലീസ് താത്പര്യമെടുക്കാത്തതിനാൽ തമിഴ്നാട് പൊലീസിന് അവിടേക്ക് കടന്നുചെല്ലാനായില്ല.
കർണാടകയിലും അൽഉമ്മയുടെ പ്രവർത്തനം ശക്തമാണ്. അബ്ദുൾ ഷെമീമിനും തൗഫീക്കിനും കുടകിൽ അഭയം നൽകിയതോടെ കർണാടകയിലെ അൽഉമ്മ പ്രവർത്തകരുടെ വിവരങ്ങളും ഉടൻ പുറത്താകും. കേരളത്തിൽ ഏതാണ്ട് നൂറിലധികം പേർക്ക് അൽഉമ്മയുമായി സജീവ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം സംസ്ഥാന പൊലീസിന്റെയും ഇന്റലിജൻസിന്റെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെയും നിരീക്ഷണത്തിലാണ്. കളിയിക്കാവിള സംഭവത്തിന്റെ ഗൂഢാലോചന കേരളത്തിലാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇവിടം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം വരുംദിവസങ്ങളിലുണ്ടാകും. കളിയിക്കാവിള സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വന്നാൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ യഥാർത്ഥമുഖം പുറത്തുവരുമെന്നാണ് അന്വേഷണ സംഘങ്ങളുടെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |