നിരവധി ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങളിൽ തോക്കുകൾ കൊണ്ട് കളിയാടുന്നവരാണ് നമ്മുടെ പ്രിയതാരങ്ങൾ. സാഹസിക രംഗങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ തോക്ക് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങൾ ചിലപ്പോഴൊക്കെ ഒരു ആവശ്യം തന്നെയാണ്. ടിക്കറ്റെടുത്ത് സിനിമ കാണുന്ന പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ, ആവശ്യമില്ലെങ്കിൽ പോലും ചില സംവിധായകർ തങ്ങളുടെ നടന്മാരുടെ കൈയിൽ തോക്കുകൾ നൽകാറുമുണ്ട്.
എന്നാൽ ഇക്കൂട്ടത്തിൽ എത്രപേർക്ക് യഥാർത്ഥത്തിൽ തോക്ക് ഉപയോഗിക്കാൻ അറിയാമെന്നത് ഒരു ചോദ്യം തന്നെയാണ്. അങ്ങനെയുള്ള നടന്മാരുടെ കൂട്ടത്തിൽ ഇനി 'നമ്മളില്ലേ' എന്ന് തീരുമാനം എടുത്തിരിക്കുകയാണ് ഇന്ത്യയുടെയും, മലയാളത്തിന്റെയും മെഗാസ്റ്റാറായ മമ്മൂട്ടി. തോക്കുകൾ ഉപയോഗിക്കാൻ തയാറെടുക്കുകയാണ് ഇപ്പോൾ താരം.
ഇതിന്റെ ഭാഗമായി ആലപ്പുഴ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. ഇന്ന് രാവിലെ ചേർത്തലയിലുള്ള ഷൂട്ടിംഗ് റേഞ്ചിൽ വന്നാണ് താരം അംഗത്വമെടുത്തത്. ഷൂട്ടിങ് പഠിക്കണമെന്നുണ്ടെന്നും എന്നാൽ തനിക്ക് തോക്കിനായുള്ള ലൈസൻസ് ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
'ഇടയ്ക്കിടെ ഈ ഷൂട്ടിംഗ് നല്ലതാണ്. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷെ അതറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്.' മമ്മൂട്ടി പറയുന്നു. ആലപ്പുഴയിൽ ഇത്ര കാര്യമായി ഒരു റൈഫിൾ ക്ലബ് നടത്തപ്പെടുമ്പോൾ അതിന്റെ ഭാഗമാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ വെടിവയ്പ്പിന് പിന്തുണ നൽകിയ രഞ്ജി പണിക്കരുടെ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മെഗാസ്റ്റാർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |