മലപ്പുറം: കേരളത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. മലപ്പുറത്ത് ഇ.കെ വിഭാഗം സമസ്ത സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷൻ പ്രവർത്തനവും കേരളത്തിൽ നടക്കില്ല. ഒരു കരുതൽ തടങ്കൽ പാളയവും ഈ കേരളത്തിൽ ഉണ്ടാകില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സർക്കാരിൽ അർപ്പിച്ച ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റും. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന്- മുഖ്യമന്ത്രി പറഞ്ഞു.
''ഇതു കേരളമാണ്, മതനിരപേക്ഷതയുടെ കോട്ടയാണ്. ഈ മതനിരപേക്ഷതയുടെ കോട്ട ഒരു ശക്തിക്കും തകർക്കാനാകില്ല. നമുക്ക് ഒന്നായി നീങ്ങാം. ഒന്നായി നീങ്ങുമ്പോൾ ഒരു കൂട്ടരെ മാത്രം നാം മാറ്റിനിർത്തേണ്ടതുള്ളൂ. അത് വർഗീയ ശക്തികളും തീവ്രവാദ ചിന്താഗതിക്കാരുമാണ്. മറ്റെല്ലാവരും കൂടി ഒന്നിച്ചുനീങ്ങാം. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാടിന്റെ ചരിത്രത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്, ഇവിടെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല, ഇവിടെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല. ഇവിടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷൻ പ്രവർത്തനവും നടക്കില്ല. അതോടൊപ്പം തന്നെ ഇങ്ങനെയുള്ള ആളുകളെയൊക്കെ സൂക്ഷിക്കാനുള്ള ഒരു കരുതൽ തടങ്കൽ പാളയവും ഈ കേരളത്തിൽ ഉണ്ടാകില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സർക്കാരിൽ അർപ്പിച്ച ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റും. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണം.'' മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |