SignIn
Kerala Kaumudi Online
Thursday, 10 July 2025 7.42 AM IST

സർക്കാരും ഗവർണറും ഏറ്റുമുട്ടലിലേക്ക്: റബർ സ്റ്റാമ്പല്ലെന്ന് ഗവർണർ, റസിഡന്റല്ലെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

governor-pinarayi

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിലും ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രണ്ടും കല്പിച്ച് ആഞ്ഞടിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായാണെങ്കിലും കടുപ്പിച്ച് മറുപടി പറയുകയും ചെയ്‌തതോടെ സർക്കാരും ഗവർണറും നേരിട്ട് ഏറ്റുമുട്ടുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉരുത്തിരിയുന്നു.

സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും താൻ റബർ സ്റ്റാമ്പല്ലെന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് ഗവർണർ ആഞ്ഞടിച്ചത്. പണ്ട് നാട്ടുരാജക്കന്മാരുടെ മുകളിൽ റസിഡന്റുമാരുണ്ടായിരുന്നതുപോലെ സംസ്ഥാന സർക്കാരുകളുടെ മുകളിൽ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണെന്നായിരുന്നു അതിന് മുഖ്യമന്ത്രിയുടെ മുള്ളും മുനയും വച്ച മറുപടി. വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിലുള്ള അമർഷവും ഈ മറുപടിയിലുണ്ട്. മലപ്പുറത്ത് ഒരു ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് കഴിഞ്ഞദിവസം മയത്തിൽ പറഞ്ഞ ഗവർണർ ഇന്നലെ ഡൽഹിക്ക് തിരിക്കും മുമ്പ് നിലപാട് കടുപ്പിച്ചത് ശ്രദ്ധേയമാണ്.

നിയമസഭാ സമ്മേളനത്തിന് ഈ മാസം 31ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമിടേണ്ടതിനാൽ പ്രതിസന്ധി ഒഴിവാക്കാനാണ് സർക്കാർ ശ്രമം. രാഷ്ട്രീയമായി ഗവർണർക്കെതിരെ സി.പി.എം രംഗത്ത് വരുമ്പോഴും പ്രത്യക്ഷമായി മുഖ്യമന്ത്രിയും മറ്റും വിമർശനം കടുപ്പിക്കാത്തത് അതിനാലാണ്. വാർഡ് വിഭജനത്തിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം നൽകുകയും തദ്ദേശമന്ത്രി നേരിട്ട് വിശദീകരിക്കുകയും ചെയ്തിട്ടും സർക്കാരിന്റെ മറുപടി കിട്ടിയില്ലെന്ന് ഇന്നലെ അദ്ദേഹം പ്രതികരിച്ചതിൽ സി.പി.എം രാഷ്ട്രീയം മണക്കുന്നു.

ഓർഡിനൻസിൽ തിരുത്തൽ ആവശ്യപ്പെട്ട് ഗവർണർക്ക് തിരിച്ചയയ്‌ക്കാം. തിരിച്ചയച്ച ഓർഡിനൻസ് വീണ്ടും മന്ത്രിസഭ അംഗീകരിച്ച് അയച്ചാൽ ഗവർണർ ഒപ്പു വച്ചേ മതിയാകൂ. ഇത് അറിയാവുന്നതിനാലാണ് ഗവർണർ ഒപ്പിടുകയോ തിരിച്ചയയ്‌ക്കുകയോ ചെയ്യാത്തതെന്ന് സി.പി.എം കേന്ദ്രങ്ങൾ കരുതുന്നു. എന്നാൽ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാനാണ് ഓർഡിനൻസിന് പകരം നിയമസഭയിൽ ബിൽ പാസാക്കാൻ സർക്കാർ ആലോചിക്കുന്നത്. നിയമോപദേശവും അതാണ്. അതിനിടെയാണ് ഗവർണർ ഇന്നലെ സ്വരം കടുപ്പിച്ചത്.

പൗരത്വഭേദഗതി വിഷയത്തിൽ കരുണാകരൻ അനുസ്‌മരണച്ചടങ്ങിൽ നിന്ന് പോലും ഗവർണറെ വിലക്കിയ പ്രതിപക്ഷനേതാവിന്റെ കത്ത് തന്നെ വാർഡ് വിഭജന ഓർഡിനൻസ് വിഷയത്തിൽ ഗവർണർ ആയുധമാക്കിയെന്നതും ശ്രദ്ധേയം.

സർക്കാരിനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ഗവർണറുടെ ലക്ഷ്യം. വിയോജിപ്പുകൾ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീർക്കുന്നതിന് പകരം, മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെല്ലുവിളിക്കുന്നതാണ് വിവാദമാകുന്നത്.

ഗവർണർ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നാവാകുന്നുവെന്ന വിമർശനം സി.പി.എം അടക്കം ശക്തമാക്കുന്നതും ഇതിനാലാണ്. ബി.ജെ.പി സർക്കാർ തന്നെ നിയോഗിച്ച മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഇപ്പോഴത്തെ ഗവർണറുടെ ശൈലി സർക്കാരിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ ഗവർണർ കാണിക്കുന്ന താല്പര്യം നിരന്തരം വിവാദമാവുകയാണ്.

ആലങ്കാരികം മാത്രമായ ഗവർണർ പദവിയിൽ ഇരുന്ന് അതിനപ്പുറത്തേക്ക് ഇടപെടുന്നുവെന്ന ആക്ഷേപം രാഷ്‌ട്രീയ നിരീക്ഷകർക്കുണ്ട്. നിയമസഭ പ്രമേയം പാസാക്കുന്നതും സുപ്രീംകോടതിയിൽ കേസിന് പോകുന്നതുമെല്ലാം ജനാധിപത്യസർക്കാരിന്റെ അവകാശമാണെന്നിരിക്കെ, ഗവർണറുടെ ഇടപെടലുകൾ പലവിധ വ്യാഖ്യാനങ്ങൾക്കും വഴിയൊരുക്കുകയാണ്.

TAGS: GOVERNMENT VS GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.