തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുത്തതിന് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയ കേരള ഗവർണർ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഗവർണർപദവി ആർഭാടമാണ്. സ്വതന്ത്ര ഇന്ത്യയിൽ അത്തരമൊരു പദവി ആവശ്യമാണോയെന്ന ചർച്ച പുനരാരംഭിക്കണം. ഗവർണർ പദവി തന്നെ നിറുത്തലാക്കേണ്ടതാണെന്നും ദശാബ്ദങ്ങൾക്ക് മുമ്പേ ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
സുപ്രീംകോടതിയിൽ കേസ് നൽകാൻ സംസ്ഥാനസർക്കാരിന് ആരുടെയും അനുമതി തേടേണ്ടതില്ല. സംസ്ഥാനത്തിന്റെ അവകാശം ലംഘിച്ചെന്നോ കേന്ദ്രസർക്കാരിന്റെ പ്രത്യേക ചട്ടം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്നോ തോന്നിയാൽ ഏത് സംസ്ഥാനത്തിനും കോടതിയെ സമീപിക്കാമെന്നാണ് 131ാം അനുച്ഛേദം പറയുന്നത്. എല്ലാ സംസ്ഥാന സർക്കാരുകളുടെയും ഭരണഘടനാപരമായ അവകാശമാണത്. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ. ദിവസേന പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പ് സംസ്ഥാനസർക്കാരുകളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെയും അധികാരമെന്തെന്നറിയാൻ ഗവർണർ ഭരണഘടന ഒന്നുകൂടി വായിക്കണം. ഇതുപോലുള്ള പ്രവൃത്തികൾ കാരണമാണ് പല സംസ്ഥാനങ്ങളിലും ഗവർണർമാരുടെ നടപടികൾ ചോദ്യം ചെയ്യപ്പെടുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങൾ റീജന്റുമാരെ നിയമിച്ചിരുന്നു. ഇന്ന് നമ്മൾ അവരുടെ പ്രജകളല്ല. ഭരണഘടന നിലവിൽ വന്നശേഷം അതിന്റെ ആവശ്യമില്ല. ഒരു സംസ്ഥാനത്തെ പിരിച്ചുവിടാൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയെന്ന ജോലിയേ ഗവർണർക്കുള്ളൂ. ആ അവകാശവും എടുത്തുകളയേണ്ടതാണ്. സഭയിൽ ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെയും പിരിച്ചുവിടാനാവില്ല. രാജ്യം ഭരിക്കേണ്ടത് എങ്ങനെയെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. ഭരണഘടന പുനർവായന നടത്തേണ്ട സമയമാണിതെന്നും യെച്ചൂരി പറഞ്ഞു.
യു.എ.പി.എ: സംസ്ഥാനത്തിന് ഇടപെടാനാവില്ല
യു.എ.പി.എ ചുമത്തിയ കേസുകൾ എൻ.ഐ.എക്ക് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങൾക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവർത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസെന്തിന് യു.എ.പി.എ ചുമത്തിയെന്ന് ചോദിച്ചപ്പോൾ, അത് പൊലീസിനോട് ചോദിക്കണമെന്ന് പറഞ്ഞ് യെച്ചൂരി ഒഴിഞ്ഞുമാറി. ഭീകരനാക്കി യു.എ.പി.എ ചുമത്തിയാൽ നിരപരാധിയെന്ന് തെളിയിക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്വമാണ്. യു.എ.പി.എയെ തങ്ങൾ എതിർത്തതും ഭേദഗതിക്കെതിരെ പാർലമെന്റിൽ വോട്ട് ചെയ്തതും അതിനാലാണ്. ഭേദഗതി പാസായതോടെ ദൗർഭാഗ്യവശാൽ അത് രാജ്യത്തിന്റെ നിയമമായി. ഇപ്പോൾ എല്ലാ യു.എ.പി.എ കേസുകളും എൻ.ഐ.എ ഏറ്റെടുക്കുകയാണ്. പുതിയ ഭേദഗതിയനുസരിച്ച് ഒരാൾ ഭീകരനാണെന്ന് കേന്ദ്രസർക്കാരിന് തോന്നിയാൽ സംസ്ഥാനത്തോട് ആലോചിക്കാതെ അയാളുടെ സ്വത്ത് ഏറ്റെടുക്കാം. നിയമസംഹിതയിൽ ഒരാൾ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ്. എന്നാലിപ്പോൾ മോദി-ഷാ കൂട്ടുകെട്ടിന് കീഴിൽ നിരപരാധിയെന്ന് തെളിയിക്കുന്നത് വരെ കുറ്റവാളിയാണ് എന്നായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |