കൊച്ചി. 'ജെ.എസ്.കെ - ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള" എന്ന സിനിമയുടെ പേരിലും രണ്ടു കോടതി രംഗങ്ങളിലും മാറ്റം വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചു! 'വി" എന്ന ഇനിഷ്യൽ ചേർത്ത് 'ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള" എന്ന് സിനിമയുടെ പേര് മാറ്റും. ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേന്ദ്ര സെൻസർ ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അംഗീകരിച്ചു. സിനിമയുടെ മാറ്റം വരുത്തിയ പ്രിന്റ് സമർപ്പിച്ചാൽ മൂന്നു ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകാമെന്ന് ബോർഡ് അറിയിച്ചു.
ഇരുപക്ഷത്തിന്റെയും ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി 16ന് വീണ്ടും പരിഗണിക്കും.
കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരൻ എന്നായതിനാലാണ് 'വി" എന്ന ഇനിഷ്യൽ ബോർഡ് നിർദ്ദേശിച്ചത്.
മാനഭംഗത്തിന് ഇരയായ നായികയ്‌ക്ക് സീതാദേവിയുടെ പേര് നൽകിയത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സെൻസർ ബോർഡിനായി ഹാജരായ അഭിനവ് ചന്ദ്രചൂഢ് വാദിച്ചു.
തുടർന്ന് 3 മണിക്ക് കോടതി കൂടിയപ്പോൾ എല്ലാ മാറ്റങ്ങളും നിർമ്മാതാക്കൾ അംഗീകരിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് വൈകിക്കില്ലെന്ന് ബോർഡും വ്യക്തമാക്കി. സിനിമയുടെ 1:6:45 മണിക്കൂർ മുതൽ 1:8:32വരേയും 1:8:33 മുതൽ 1:8:36 വരെയുമാണ് മാറ്റം വരുത്തേണ്ട സീനുകൾ. ഇതിൽ ജാനകി എന്ന് ആവർത്തിക്കുന്നിടം ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |