കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ് ) ബി.ടെക് വിദ്യാർത്ഥിയെ തലയ്ക്കടിച്ചുവീഴ്‌ത്തി സാരമായി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ പൊലീസ് കേസെടുത്തു. തലയ്ക്കുപിന്നിൽ പരിക്കേറ്റ ഇൻസ്ട്രുമെന്റേഷൻ ബി.ടെക് വിദ്യാർത്ഥി അസിൽ അബൂബക്കർ കൊച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
എം.ടെക് ഒന്നാം വർഷ വിദ്യാർത്ഥികളായ രാഹുൽ പേരളം, പ്രജിത് കെ. ബാബു, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്ത്. വധശ്രമം, മാരകായുധങ്ങളുമായി ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം വിളിക്കൽ, സംഘടിച്ച് ആക്രമിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവർ ഒളിവിലാണ്. അസിൽ അബൂബക്കറിന്റെ തലയുടെ പിന്നിലെ രണ്ടു മുറിവുകളിൽ ഒന്ന് ആഴമുള്ളതാണ്.
ഞായറാഴ്ച രാത്രി 11.30 ഓടെ കുസാറ്റ് ജംഗ്ഷനിലായിരുന്നു അക്രമണം. കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കു പിന്നിൽ അടിച്ചതായും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും അസിൽ നൽകിയ പരാതിയിൽ പറയുന്നു. ബി.ടെക് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ആഘോഷത്തിൽ പങ്കെടുത്ത ചിലരെ സരോവർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തതിനാണ് തന്നെ അക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
അന്വേഷണത്തിന് സമിതി
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ വൈസ് ചാൻസലർ നിർദ്ദേശിച്ചു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
അസിൽ അബൂബക്കറിനെ അക്രമിച്ച എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ ഇന്നലെ രാവിലെ കുസാറ്റ് കവാടത്തിൽ ക്ളാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |