തിരുവനന്തപുരം : കൊച്ചി - പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയർ ഹോൾഡേഴ്‌സ് എഗ്രിമെന്റ് മന്ത്രിസഭായോഗം അംഗീകരിച്ചു. സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിനും അംഗീകാരം നൽകി.
ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.
കൊച്ചി- കോയമ്പത്തൂർ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയിൽ ആറ് ഏകീകൃത ഉല്പാദന ക്ലസ്റ്ററുകൾ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉല്പാദന ക്ലസ്റ്ററിൽ ഭക്ഷ്യസംസ്കരണം, റബ്ബർ, ഇലക്ട്രോണിക്‌സ്, ജനറൽ മെഷിനറി, ഇലക്ട്രിക്കൽ മെഷിനറി എന്നിവയ്ക്കാണ് മുൻഗണന. ഈ മേഖലകളിൽ വലിയ നിക്ഷേപവും തൊഴിലവസരവും വരുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് തീരുമാനങ്ങൾ
ഇടുക്കി ശാന്തൻപാറ ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മൂന്ന് അനദ്ധ്യാപക തസ്തികകൾ
ഭാഗ്യക്കുറി വകുപ്പിൽ ക്ലാർക്കുമാരുടെ 44 താൽക്കാലിക തസ്തികകൾ
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐ സി ഫോസ്) അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ടെക്‌നിക്കൽ കോർഡിനേറ്റർ ഉൾപ്പെടെ 15 തസ്തികകൾ
കെ.എസ്.ഐ.ഡി.സി. ജീവനക്കാർക്ക് 10ാം ശമ്പള പരിഷ്കരണ ശുപാർശകൾ 2014 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തോടെ നടപ്പാക്കും.
കേരഫെഡിന്റെ സ്റ്റാഫ് പാറ്റേൺ അംഗീകരിക്കും.
പാലക്കാട് ശൈവ വെള്ളാള ഒ.ബി.സി.യിൽ
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി. മറ്റു ജില്ലകളിൽ ശൈവ വെള്ളാള സമുദായം ഉണ്ടോ എന്ന് പരിശോധിക്കും.
ഒല്ലൂർ ആയുർവേദ കോളേജിൽ പി.ജി. ഡിപ്ലോമ
ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ രസായൻ ആൻഡ് വാജീകരൺ കോഴ്‌സിന് അനുമതി
എൻ.എസ്.കെ. ഉമേഷ് വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ
എൻ.എസ്.കെ. ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ശബരിമല എ.ഡി.എം. ആണ്. കെ.എസ്.ഐ.ഡി.സി. നിക്ഷേപ സെല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |