പ്രധാന തിരിച്ചടികൾ
ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുടെ തോത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തി.
തൊഴിലില്ലായ്മ നിരക്ക് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ.
തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കാൻ നിർബന്ധിതരായിത്തീരുന്ന ചെറുപ്പക്കാരുടെ എണ്ണം കാര്യമായി വർദ്ധിച്ചു വരുന്നത് മറ്റ് തൊഴിലവസരങ്ങളിലെ വരൾച്ചയുടെ അടയാളമാകുന്നു
കയറ്റുമതി, കയറ്റമില്ലാതെ നിശ്ചലാവസ്ഥയിൽ തുടരുന്നു.
2019 - 20ലെ ബഡ്ജറ്റിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വരുമാന സംഖ്യയിൽ രണ്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുന്നത് സർക്കാരിന്റെ ധനസ്ഥിതി പരുങ്ങലിലാക്കുന്നു.
വരാൻ പോകുന്നത്
ഒരു പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള സ്രോതസുകൾ മൂന്നാണ് : ഉപഭോഗം, നിക്ഷേപം, കയറ്റുമതി. ഇവ ഉയർന്നാൽ ഉത്പാദനവും വരുമാനവും ഉയരും. എന്നാൽ, ഇന്ത്യയിലിപ്പോൾ ഇവ മൂന്നും മോശപ്പെട്ട അവസ്ഥയിലാണ്. ഇതിൽ കയറ്റുമതി എന്നത് ആഗോള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നതാകയാൽ നമ്മുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാര്യമാണത്. അതുകൊണ്ടുതന്നെ ഇടിഞ്ഞുതാണുപോയ ഉപഭോഗ ചെലവും നിക്ഷേപ അളവും ഉയർത്താനുതകുന്ന നടപടികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജനത്തിന്റെ കൈയിൽ കൂടുതൽ പണം എത്തിച്ചുകൊണ്ട് അവരുടെ ഉപഭോഗം ഉയർത്താനായി വ്യക്തികളുടെ ആദായനികുതി നിരക്കുകൾ കുറയ്ക്കാൻ ധനമന്ത്രി ആലോചിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ആദായ നികുതി നൽകുന്നവർ. വരുമാന നികുതി റിട്ടേൺസ് സമർപ്പിക്കുന്നവരുടെ എണ്ണം ആറുകോടി കവിയുമെങ്കിലും ഇളവുകൾ എല്ലാം കഴിഞ്ഞ് യഥാർത്ഥത്തിൽ നികുതി അടയ്ക്കേണ്ടി വരുന്നവരുടെ എണ്ണം രണ്ടുകോടിയേ വരൂ. ഇനി, ഈ ന്യൂനപക്ഷത്തിന് നികുതി നിരക്ക് കുറച്ചാൽത്തന്നെ അതിലൂടെ വന്നുചേരുന്ന നേട്ടം അവർ ഉപഭോഗത്തിനായി വിനിയോഗിക്കണമെന്നില്ല;
സാധാരണക്കാരന്റെ
പക്കൽ പണം വരണം
ഉപഭോഗ പ്രവണത ഏറെയുള്ള വിഭാഗമായ സാധാരണക്കാരുടെ പക്കൽ പണമെത്തിക്കാനുള്ള നടപടികൾക്കാണ് ധനമന്ത്രി ശ്രമിക്കേണ്ടത്. ഈ ജനുസിൽ ആദ്യം ആലോചിക്കാവുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവരുടെ കാര്യമാണ്. അവരുടെ തൊഴിൽ ദിനങ്ങളും കൂലിയും ഉയർത്താൽ കഴിഞ്ഞാൽ രാജ്യത്തെ ഉപഭോഗ ചെലവിൽ കാര്യമായ വർദ്ധനവുണ്ടാകും. അതുപോലെ തന്നെ ഗ്രാമീണ മേഖലയിലെ വരുമാനവും ഉപഭോഗ ചെലവും ഉയർത്താൻ കഴിയുന്ന മറ്റൊരു മാർഗമാണ് 'പ്രധാൻമന്ത്രി കിസാൻ"പദ്ധതി രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം 6000 രൂപ വീതം എത്തിക്കുന്ന പരിപാടിയാണിത്. ഇതിനകം തന്നെ പ്രയോജനം കണ്ട ഈ പദ്ധതി വഴിയുള്ള ധനസഹായം 8000 രൂപയായി ഉയർത്തുന്നത് ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഉന്മേഷമുണ്ടാക്കും.തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ച് ഉത്പാദനവും വരുമാനവും ഉപഭോഗവും ഉയർത്താനുതകുന്ന ചത്തീസ്ഗഢ് സർക്കാരിന്റെ പദ്ധതിയുടെ മാതൃകയിലുള്ള ഒരു പരിപാടി കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. വസ്ത്രനിർമ്മാണ സംരംഭങ്ങളിൽ പുതുതായി ജോലി നൽകുന്നവർക്കുള്ള ശമ്പളത്തിന്റെ ഒരു പങ്ക് സർക്കാർ വഹിക്കുന്നതാണ് ചത്തീസ്ഗഡിലെ പദ്ധതി. കോർപ്പറേറ്റ് നികുതികളും പലിശ നിരക്കും കാര്യമായി വെട്ടിക്കുറച്ചെങ്കിലും സ്വകാര്യ നിക്ഷേപം ഉയരാതെ നിൽക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു നിക്ഷേപകനായി സർക്കാർ തന്നെ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
കാശിന്റെ ക്ഷാമം
പണ്ടൊക്കെ സർക്കാരുകൾക്ക് കാശിന് ക്ഷാമം വന്നപ്പോഴൊക്കെ, അവരത് നേരിട്ടത് ധനക്കമ്മി ഉയർത്തിക്കൊണ്ടായിരുന്നു. സാങ്കേതികമായി കേന്ദ്രബാങ്കിൽ നിന്ന് വായ്പ വാങ്ങി കമ്മി നേരിടുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഫലത്തിലത് നോട്ട് അടിച്ചിറക്കി ആവശ്യം നേരിടുന്ന പരിപാടിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി തീർത്തും അസാധാരണമാകുന്നു. അതുകൊണ്ടുതന്നെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനമെന്ന നിരക്കിൽ തളച്ചിടണമെന്ന് ശഠിക്കേണ്ടതില്ല. അത് 3.8 - 4.0 ശതമാനം ആയി ഉയർന്നാൽ പൊടുന്നനെ തകർന്നു പോകുന്നതല്ല നമ്മുടെ സമ്പദ്ഘടന. അതുപോലെ തന്നെ 453 ശതകോടി ഡോളറിന്റെ വിദേശ നാണ്യശേഖരത്തിന്റെ കരുത്തും നമുക്കുണ്ട്. ഈ നിധി കുംഭത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നിക്ഷേപ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.ചുരുക്കത്തിൽ സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറുന്ന ഒരു ബഡ്ജറ്റ് വരുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |