തിരുവനന്തപുരം: കേരള ഗവർണർ സംസ്ഥാനത്തിന് ബാദ്ധ്യതയാണെന്നും കേന്ദ്ര സർക്കാർ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തോട് പ്രതികരിച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം താൻ സ്വാഗതം ചെയ്യുന്നുവെന്നും ഭരണഘടന അനുസരിച്ച് സർക്കാരിന്റെ തലവൻ താനാണെന്നും ഇന്ത്യൻ രാഷ്ട്രപതിയാണ് തന്നെ തിരികെ വിളിക്കേണ്ടതെന്നുമാണ് ഗവർണർ പറഞ്ഞത്.
കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് തെറ്റാണെന്നും സർക്കാരിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു. അഭിപ്രായം തുറന്നു പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഗവർണർ പ്രസ്താവിച്ചിരുന്നു. വാർത്താസമ്മേളനത്തിലൂടെയാണ് ഗവർണറെ തിരികെ വിളിക്കണമെന്ന് രമേശ് ചെന്നിത്തല അവശ്യപ്പെട്ടിരുന്നത്.
ഇത് സംബന്ധിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചതായും ചെന്നിത്തല പറഞ്ഞിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്തണമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണറുടെ നിലപാട് സഭയുടെ മഹത്വത്തെ ബാധിക്കുന്നതാണെന്നുമാണ് ചെന്നിത്തല പറഞ്ഞിരുന്നത്. ചെന്നിത്തലയിൽ നിന്നും ലഭിച്ച നോട്ടീസ് ഗൗരവമായി എടുക്കുന്നു എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |