ഐ ലീഗിൽ ഇന്ന് ഗോകുലം -ചർച്ചിൽ പോരാട്ടം
കോഴിക്കോട്: ഗോകുലം കേരള എഫ്.സിയും ചർച്ചിൽ ബ്രദേഴ്സും തമ്മിൽ ഇന്ന് കോഴിക്കോട് നടക്കുന്ന ഐ ലീഗ് മത്സരം ഫുട്ബാൾ വെറുമൊരു കളിമാത്രമല്ല സ്നേഹത്തിന്റെ കരുതലിന്റെയും ഉത്തമ മാതൃക കൂടിയാണെന്ന് തെളിയിക്കുന്നു. ഇന്നത്തെ മത്സരത്തിൽ ടിക്കറ്റ് വില്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ നൽകും. ഇന്ത്യൻ നായകൻ സുനിൽ ഛെത്രി, ഐ.എം. വിജയൻ, സന്ദേശ് ജിങ്കൻ തുടങ്ങിയ പ്രമുഖരെല്ലാം ബൾക്കായി ടിക്കറ്രുകൾ വാങ്ങി ആരാധകർക്ക് പ്രചോദനമാകുന്ന നീക്കവുമായി മുന്നോട്ടു വന്നുകഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് കളി.
പ്രവചനാതീതം
വമ്പൻ ടീമുകളെ മുട്ടുകുത്തിക്കുകയും ഏത് ടീമിനോടും തോൽവി വഴങ്ങുകയും ചെയ്യുന്ന ടീമുകളായ ഗോകുലം കേരള എഫ്.സിയും ചർച്ചിൽ ബ്രദേഴ്സും തമ്മിലുള്ള പോരാട്ടം കളി പ്രേമികൾക്ക് വിരുന്നാകും.
പോയന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ചർച്ചിലും അഞ്ചാമതുള്ള മലബാറിയൻസും വിജയം മാത്രം ലക്ഷ്യമിട്ടാണ് ബൂട്ട് കെട്ടുന്നത്.
കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോഴും പ്രതിരോധത്തിലുണ്ടാകുന്ന പിഴവുകളാണ് ഗോകുലം നേരിടുന്ന വെല്ലുവിളി. സെറ്റ് പീസുകളിൽ ഗോൾ വഴങ്ങുന്നതും അവസാന മിനിട്ടുകളിലെ നിയന്ത്രണമില്ലായ്മയും ഗോകുലത്തിന് തിരിച്ചടിയായി.
കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ്ബംഗാളിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച ഗോകുലം മിനവർവ പഞ്ചാബിനോട് പരാജയപ്പെട്ടു.
ഹെൻട്രി കിസേക്കയും ക്യാപ്ടൻ മാർക്കസ് ജോസഫും മിന്നിയാൽ ഹോം മത്സരത്തിൽ വിജയത്തോടെ ആരാധകരെ ആഹ്ലാദിപ്പിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് മലബാറിയൻസ്. പരിക്കേറ്റ ഷിബിൻ മുഹമ്മദും മുഹമ്മദ് റാഷിദും ഇന്ന് കളിച്ചേക്കില്ല. ട്രോ എഫ്.സിയോട് തോറ്റാണ് ചർച്ചിൽ കോഴിക്കോട്ടെത്തിയത്. ട്രിനിഡാഡ് ആന്റ് ടുബാഗോ താരം വില്ലിസ് പ്ലാസയാണ് ചർച്ചിലിന്റെ പ്രധാന കരുത്ത്. ഇന്ന് വിജയിച്ചാൽ ഗോകുലത്തിന് പോയന്റ് പട്ടിയകിൽ നാലാമതെത്താം. നിലവിൽ ഏഴ് കളികളിൽ മൂന്ന് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി പത്ത് പോയിന്റുമായിഅഞ്ചാമതാണ് ഗോകുലം. ആറ് കളികളിൽ നിന്ന് പത്ത് പോയന്റുള്ള ചർച്ചിൽ നാലാമതാണ്. മോഹൻ ബഗാനാണ് ലീഗിൽ ഒന്നാമത്.
ഈ കളി ധനരാജിന് വേണ്ടി
ഫുട്ബാൾ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ധനരാജിന്റെ കുടുംബത്തിനെ സഹായിക്കാനായി നടത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ കളിയ്ക്കുണ്ട്. ഇന്നത്തെ കളിയുടെ ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് ഗോകുലം മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം 220 ഗാലറി ടിക്കറ്റുകൾ വാങ്ങി ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛേത്രിയും 250 ടിക്കറ്റുകൾ വാങ്ങി ഐ.എം വിജയനും ഗോകുലത്തിന്റെ പ്രവർത്തനത്തിന് പിന്തുണനൽകിയിരുന്നു. സന്ദേശ് ജിങ്കൻ 1000 ടിക്കറ്റുകൾ വാങ്ങി. 100 ഗാലറി ടിക്കറ്റുകൾ ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയും എടുത്തു. വിവിധ ഫുട്ബോൾ അക്കാഡമികളും സംഘടനകളും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |