കാസർകോട്: നാലാം ക്ളാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. കിനാനൂർ പെരിയാലിലെ പി.രാജൻ നായരെയാണ് (58) ജില്ലാ അഡിഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. 25000 രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. സർക്കാർ വിദ്യാലയത്തിൽ നടന്ന കുറ്റകൃത്യമായതിനാൽ ഇരയായ വിദ്യാർത്ഥിനിക്ക് സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.
രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ എൽ.പി സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ രാജൻ നായർ നാലാം ക്ളാസ് വിദ്യാർത്ഥിനിയെ സ്മാർട്ട് ക്ളാസ്റൂമിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018 ഒക്‌ടോബർ 11നും അതിനു മുമ്പുമാണ് പീഡനം നടന്നത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിൽ അദ്ധ്യാപകൻ തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് രാജൻ നായർക്കെതിരെ രാജപുരം പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ എം.വി. ഷിജുവാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |