മലപ്പുറം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് ശരിയെന്നും ഭരണകക്ഷി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിലാണ് സർക്കാർ ആത്മാർത്ഥത തെളിയിക്കേണ്ടത്. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്. ജനാധിപത്യ സംരക്ഷണത്തിന് ഉറച്ച നിലപാട് എടുക്കേണ്ട ഘട്ടമാണ്. അതിൽ വീഴ്ച്ചവന്നാൽ വിമർശിക്കപ്പെടും. നിയമസഭയ്ക്കും ജനാധിപത്യത്തിനും കക്ഷികൾക്കും ഒരുപ്രധാന്യവും കൊടുക്കാതെ വിവാദങ്ങളുണ്ടാക്കാൻ മാത്രം ഗവർണർ ഇറങ്ങിപുറപ്പെട്ടാൽ തിരിച്ചുവിളിക്കണം എന്നു പറയുകയല്ലാതെ എന്തു ചെയ്യണം. ആലോചിച്ച് തന്നെയാണ് ഇക്കാര്യത്തിൽ യു.ഡി.എഫ് നിലപാട് സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മഹാറാലിയിലും പല ആശയത്തിൽപെട്ടവരും പങ്കെടുത്തിരുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരിപാടികളിൽ പലരും അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ടെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |